കണിയാമ്പറ്റക്കിത് മൂന്നാമൂഴം
കണിയാമ്പറ്റ: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കണിയാമ്പറ്റക്കിത് മൂന്നാമൂഴം. 2001ല്‍ ആദ്യതവണ കലോത്സവത്തിന് ആതിഥേയത്വം വഹിച്ച കണിയാമ്പറ്റ 2008ലും കലാമാമാങ്കത്തിന് വേദിയായി. 2001ല്‍ ചരിത്രത്തിലാദ്യമായി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കണിയാമ്പറ്റ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. നാട്ടുകാരുടെ പൂര്‍ണ പിന്തുണയോടെ ഇരുമേളകളും വിജയിപ്പിച്ച സ്‌കൂളിന് അര്‍ഹിച്ച അംഗീകാരമായാണ് മൂന്നാം മേള ലഭിച്ചത്. നോട്ട് പ്രതിസന്ധി തെല്ല് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും മേള വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകസമിതി. ഇതിനായി അരയും തലയും മുറുക്കിയുള്ള പ്രവര്‍ത്തനത്തിലാണ് അവര്‍. ആയിരം പേര്‍ക്കിരുന്ന് പരിപാടികള്‍ വീക്ഷിക്കാനുള്ള പ്രധാന വേദി, 500 പേര്‍ക്ക് ഒന്നിച്ചിരിന്ന് സദ്യയുണ്ണാവുന്ന ഊട്ടുപുര തുടങ്ങി സകല മേഖലകളിലും കണിയാമ്പറ്റ 'ടച്ച് ' കലോത്സവത്തിന് വരുത്താനുള്ള സംഘാടകരുടെ പ്രയത്‌നം ഫലം കണ്ടെന്ന് വേണം പറയാന്‍. ഓഫ് സ്‌റ്റേജ് മത്സരങ്ങള്‍ ആരംഭിച്ചത് മുതല്‍ കൈമെയ് മറന്ന് സംഘാടക സമിതിയംഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 13 വേദികളിലായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 288 ഇനങ്ങളില്‍ 3000ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. ശ്രീരാഗം, സാവേരി, നാദരഞ്ജിനി, കാംബോജി, രസികപ്രിയ, മേഘമല്‍ഹാര്‍, അഭിരാമം, ചിത്രാംബരി, ആരഭി, ആഹിര്‍ഭൈരവി, അരുണാംഗി, ഹിന്ദോളം, ചിത്രാംബരി എന്നിങ്ങനെ വേദികള്‍ക്ക് വിവിധ രാഗങ്ങളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."