കക്കൂസ് മാലിന്യം കലര്‍ന്ന് കിണറുകള്‍ മലിനമായി
പയ്യന്നൂര്‍: എട്ടിക്കുളത്ത് കക്കൂസ് മാലിന്യം കലര്‍ന്ന് കിണര്‍ വെള്ളം മലിനമായെന്നു കുടുംബങ്ങളുടെ പരാതി. താജുല്‍ ഉലമ എഡുക്കേഷന്‍ സെന്റര്‍ മര്‍ക്കസു ദഅ്വത്തി തഖ്വ സുന്നിയ മസ്ജിദ് ഭാരവാഹികള്ക്കെതിരേയാണു നാട്ടുകാര്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പിക്കു പരാതി നല്‍കിയത്. തഖ്വ മസ്ജിദിലെ 18 കക്കൂസുകളില്‍ നിന്നുള്ള മാലിന്യം സമീപത്തെ കുടുംബങ്ങളിലെ കിണറുകളിലേക്ക് എത്തുന്നതായി നേരത്തെ പരാതി നല്‍കിയിരുന്നു. രാമന്തളി പഞ്ചായത്ത് അധികൃതര്‍ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനയും നടത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച് 16നു രാമന്തളി പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ എം.എല്‍.എ, തളിപ്പറമ്പ് ഡി.വൈ.എസ്.പി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ മാലിന്യപ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്നു തഖ്വ മസ്ജിദ് ഭാരവാഹികള്‍ ഉറപ്പുനല്‍കിയതായിരുന്നു. എന്നാല്‍ ഇതുവരെയായും പ്രശ്നത്തിനു പരിഹാരം കാണാന്‍ അധികൃതര്‍ തയാറായില്ലെന്നു പരാതിയില്‍ പറയുന്നു.
മാലിന്യപ്രശ്നം പരിഹരിക്കുന്നതു വരെ മസ്ജിദ് ഭാരവാഹികള്‍ പൈപ്പ് വഴി കുടിവെള്ളം എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുമുതല്‍ മുന്നറിയിപ്പില്ലാതെ കുടിവെള്ള വിതരണം നിര്‍ത്തിയതായും പരാതിയില്‍ വ്യക്തമാക്കി.
കിണറില്‍ മാലിന്യം നിറയുകയും പൈപ്പ് വെള്ളം നിലയ്ക്കുകയും ചെയ്തതോടെ സമീപത്തെ കുടുംബങ്ങള്‍ തീര്‍ത്തും ദുരിതത്തിലായി.
പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണു തഖ്വ മസ്ജിദ് ഭാരവാഹികള്‍ക്കെതിരേ പ്രദേശവാസികള്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പിക്കു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."