മതസൗഹാര്‍ദത്തിന് മാതൃകയായി പന്നിത്തടം ജുമാമസ്ജിദ് ഇന്ന് നാടിന് സമര്‍പ്പിക്കും
എരുമപ്പെട്ടി: മതസൗഹാര്‍ദത്തിന് മാതൃകയായി പന്നിത്തടം ജുമാ മസ്ജിദ്. നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം ആരംഭിച്ച പന്നിത്തടം ജുമാ മസ്ജിദാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ മസ്ജിദായി വിലയിരുത്തപ്പെടുന്നത്. നിര്‍മാണ രീതിയില്‍ വിദേശ മസ്ജിദുകളുടേതിന് സമാന ചാരുതയാണ് സ്വീകരിച്ചിട്ടുള്ളത്.
മഹല്ല് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളാണ് അസ്വര്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി വിശ്വാസികള്‍ക്കായി മസ്ജിദ് തുറന്നുകൊടുക്കുന്നത്. ജാതി മത ഭേദമന്യേ പന്നിത്തടം ഗ്രാമത്തിന്റെ ഉത്സവമായിട്ടാണ് നാട്ടുകാര്‍ മസ്ജിദ് ഉദ്ഘാടനം ആഘോഷിക്കുന്നത്.
മതസൗഹാര്‍ദത്തിന്റെ പ്രതീകമായി ഗ്രാമത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന രീതിയാണ് മഹല്ല് കമ്മിറ്റിയും നിര്‍മാണ കമ്മിറ്റിയും സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ സ്വന്തം മതത്തില്‍പ്പെട്ടവര്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കുന്നതിന് മുമ്പായി സഹോദര സമുദായാംഗങ്ങള്‍ക്ക് നേരില്‍ കാണുന്നതിനായി വെള്ളി, ശനി ദിവസങ്ങളില്‍ കമ്മിറ്റി സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലക്കകത്തും പുറത്തു നിന്നുമായി അന്യമതത്തില്‍പ്പെട്ടവര്‍ ജുമാ മസ്ജിദിന്റെ ശില്‍പ ഭംഗി ആസ്വദിക്കാന്‍ പന്നിത്തടത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. മഹല്ലിന്റെ പരിധിയില്‍പ്പെട്ട 35 ഓളം ദരിദ്രരായ കുടുംബങ്ങള്‍ക്ക് വിവാഹ സഹായങ്ങള്‍ വിതരണം ചെയ്യുവാനും കമ്മിറ്റി തയാറായിട്ടുണ്ട്. പെരുമ്പിലാവ് അക്കിക്കാവ് ദേശീയ പാതക്കരികില്‍ ഏറെ തലയെടുപ്പോടെ നില്‍ക്കുന്ന മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ലിലെ മുഴുവന്‍ ആളുകളും അവരവരുടെ ശാരീരിക അധ്വാനങ്ങള്‍ വരെ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നടക്കുന്ന ഉദ്ഘാടന പൊതുസമ്മേളനം വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വഖ്ഫ് ബോര്‍ഡ് മന്ത്രി ഡോ. കെ.ടി.ജലീല്‍, മുഹമ്മദ് ഹസന്‍ അഹ്മദ് അബ്ദുള്ള ഷാര്‍ജ തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."