ഇനി അഗസ്ത്യകൂട ദര്‍ശനത്തിന്റെ ദിനങ്ങള്‍; പാസ് ഓണ്‍ലൈന്‍ വഴി മാത്രം
പേപ്പാറ: ഇനി അഗസ്ത്യ കൂട ദര്‍ശനത്തിന്റെ ദിവസങ്ങളായി. കേരളത്തിനകത്തുനിന്നും പുറത്തു നിന്നുമായി ആയിരകണക്കിന് വിശ്വാസികളും പരിസ്ഥിതി സ്‌നേഹികളും കൂട്ടമായി അഗസ്ത്യകൂടം സന്ദര്‍ശിക്കാനെത്തുന്നതും മഞ്ഞ് മൂടിയ മലനിരകള്‍ കണ്ട് വികാരഭരിതരായി മടങ്ങുന്നതും കാട്ടുമ്യഗങ്ങളെ കണ്ട് സംത്യപ്തരാകുന്നതും പുതിയ അനുഭവങ്ങളാകുകയാണ്. വരുന്ന 14 മുതല്‍ സന്ദര്‍ശനം ആരംഭിക്കും. ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ പര്‍വ്വതമാണ് അഗസ്ത്യകൂടം. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 6700 ഓളം അടി ഉയരമുള്ളതാണ് അഗസ്ത്യകൂടം. അപൂര്‍വ്വ സസ്യജന്തുജാലങ്ങളും മലമടക്കുകളും നിറഞ്ഞ ഈ ഉള്‍വനം ലോകത്തിന്റെ ശ്രദ്ധ പോലും നേടിയതാണ്.
ഏറ്റവും പഴക്കം ചെന്ന വനമായി ഐക്യരാഷ്ട്രസംഘടന വിലയിരുത്തിയ അഗസ്ത്യകൂടം ലോകത്തിലെ പൈതൃക വനമാണ്. മഴക്കാടുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ കാടുകള്‍ അപൂര്‍വമായി കാണപ്പെടുന്ന ഒന്നാണ്. സിദ്ധവൈദ്യത്തിന്റെ ആചാര്യനായും തമിഴ് ഭാഷയുടെ ഉപഞ്ജാതാവായും അറിയപ്പെടുന്ന കുറിയ മുനി എന്നു വിളിക്കുന്ന കുംഭസംഭവന്‍(അഗസ്ത്യമുനി) തപം ചെയ്ത ഈ കാട് കാണാനാണ് ഏറെ പ്പേരും എത്തുന്നത്. മൂന്ന് നാള്‍ നീളുന്ന തീര്‍ഥയാത്ര കഴിയുമ്പോള്‍ മനസ്സിനും ശരീരത്തിനും കുളിര്‍മയും പുതിയ ഉന്‍മേഷവും ലഭിക്കും.
വനം വകുപ്പാണ് പാസ് നല്‍കി കടത്തി വിടുന്നത്. ഇക്കുറി പാസ് ഓണ്‍ലൈനായി കിട്ടും. ഓണ്‍ലൈന്‍ 11 മുതല്‍ തുടങ്ങും. ഇക്കുറി ജനുവരി 14 മുതലാണ് സന്ദര്‍ശകരെ കടത്തി വിടുന്നത്. ഒരു ദിവസം 100 പേരെയാണ് കടത്തി വിടുക. ബോണക്കാട് വഴിയാണ് പോകാന്‍ അനുവദിക്കുക. പാസില്ലാതെ വനത്തില്‍ പ്രവേശിക്കുന്നത് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ തന്നെ ലഭിക്കും. മദ്യം, ആയുധങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രവേശനമില്ല. യാത്രക്കാര്‍ക്കൊപ്പം വനം വകുപ്പിന്റെ ഗൈഡും ഉണ്ടാകും.
അതിരുമലയില്‍ തങ്ങി അവിടെ നിന്നും കയറ്റം കയറി പൊങ്കാല പാറയില്‍ എത്തിയാണ് കുത്തനെയുള്ള കയറ്റം കയറി അഗസ്ത്യമുടിയില്‍ എത്തുക. ഏതു നിമിഷവും അന്തരീക്ഷം മാറി മറിയുന്ന അഗസ്ത്യമുടിയില്‍ പലര്‍ക്കും എത്താനും കഴിയില്ല. ഏഴിലംപൊറ്റ എന്ന ഭാഗത്താണ് അഗസ്ത്യമുനി തപം ചെയ്യുന്നു എന്ന് കരുതുന്നത്. ഇവിടെ പോകാന്‍ പലര്‍ക്കും കഴിയാറില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ കയറാന്‍ ശ്രമിച്ച ഒരു ജര്‍മ്മന്‍കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ് ആരും പോകാതെയായത്. കടുവകളും പാമ്പുകളും നിറഞ്ഞ ഭാഗമാണിവിടം. ഔഷധസസ്യങ്ങളുടെ ഭൂമിയാണിവിടം. അപുര്‍വയിനത്തില്‍പെട്ട സസ്യങ്ങളും ജന്തുക്കളും ഇവിടെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ മലനിരകളില്‍ നിന്നാണ് നെയ്യാറും കരമനയാറും ഉത്ഭവിക്കുന്നത്. തമിഴ്‌നാട്ടിലേയ്ക്കുള്ള 25 നദികളും ചുരത്തുന്നത് ഈ മലനിരകളാണ്. ഒരിക്കല്‍ ബുദ്ധസന്യാസിമാരുടെ താവളമായിരുന്നു ഇവിടം. അഗസ്ത്യമുനി തങ്ങളുടെ സന്യാസിവര്യനാണെന്ന് അവരുടെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഇത്തവണ ബുദ്ധസന്യാസിമാരും മലകയറാനെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."