മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഇതര സംസ്ഥാന ട്രോളര്‍ ബോട്ട് പുലിവാല് പിടിച്ചു
വിഴിഞ്ഞം: മത്സ്യ ബന്ധനത്തിനിറങ്ങി എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് കടലിലൂടെ അലഞ്ഞവള്ളത്തിലെ മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഇതരസംസ്ഥാന ട്രോളര്‍ ബോട്ട് പുലിവാല് പിടിച്ചു. തൊഴിലാളികളെ രക്ഷിച്ച് കരയിലെത്തിച്ച് മടങ്ങിയ ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധനയില്‍ മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് പിടിയിലായാണ് പുലിവാല് പിടിച്ചത്.
തുടര്‍ന്ന് തീരസംരക്ഷണ സേന ഇവരെ പിടികൂടി വിഴിഞ്ഞത്തെത്തിച്ച് തുടര്‍ നടപടികള്‍ക്കായി മറൈന്‍ എന്‍ഫോഴ്‌സ് മെന്റിന് കൈമാറിയെങ്കിലും രക്ഷാ പ്രവര്‍ത്തനത്തിലെ മാനുഷിക വശം കണക്കിലെടുത്ത അധികൃതരുടെ സന്മനസ് ട്രോളറിന് രക്ഷയായി.
തമിഴ്‌നാട് സ്വദേശി ജൂലിയസിന്റെ പേരിലുള്ള അരുള്‍ മേരി എന്ന ബോട്ടും തൊഴിലാളികളുമാണ് രക്ഷക്കു വേണ്ടി യാചിച്ച മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി നിയമ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയോടെ വിഴിഞ്ഞം ചൊവ്വരയില്‍ നിന്ന് യന്ത്രവല്‍കൃത വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ മൂന്നംഗ സംഘമാണ് പൂവാറിന് ആറ് നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അകപ്പെട്ടത്. പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്ന തൊഴിലാളികള്‍ ടോര്‍ച്ചുകള്‍ തെളിച്ച് സമീപത്ത് കുടി കടന്നു പോയ ട്രോളര്‍ ബോട്ടിന്റെ സഹായം തേടുകയായിരുന്നു.
സഹതാപം തോന്നിയ ബോട്ടിലെ തൊഴിലാളികള്‍ രക്ഷ യാചിച്ചവരെയും തകരാറിലായ വള്ളത്തെയും രക്ഷിച്ച് ചൊവ്വരയില്‍ തന്നെയെത്തിച്ചു. തിരിച്ച് പോകുന്നതിനിടയിലാണ് പട്രോളിംഗിലായിരുന്ന തീരസംരക്ഷണ സേനയുടെ പിടിയിലായത്.
പരിശോധനയില്‍ ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ചിലര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെയില്ലെന്ന് കണ്ടതോടെ പിടികൂടി രാവിലെ ഒന്‍പതോടെ വിഴിഞ്ഞത്ത് എത്തിക്കുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയ ബോട്ടിനെ ഉച്ചയോടെ താക്കീത് നല്‍കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."