വെള്ളവും ചിരിയുമായി ഇന്നത്തെ മെഡ്‌ടോക്ക്
തിരുവനന്തപുരം: വെള്ളം കുടിച്ചാല്‍ രോഗം മാറുമോ? എന്തിനാണ് വെള്ളം കുടിക്കുന്നത്? എങ്ങിനെയാണ് വെള്ളം കുടിക്കേണ്ടത്? ഇത്തരം സംശയങ്ങള്‍ക്കൊക്കെ മറുപടി ലഭിക്കും, ഇന്ന് വൈകിട്ട് ആറിന് മെഡെക്‌സിനോടനുബന്ധിച്ചുള്ള മെഡ്‌ടോക് ശ്രവിച്ചാല്‍. രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്‌സിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിക്കുന്ന മെഡ്‌ടോക്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. കാശിവിശ്വേശ്വരനാണ് 'ഉപ്പും വെള്ളവും' എന്ന വിഷയത്തില്‍ തിങ്കളാഴ്ച സംസാരിക്കുന്നത്. കാശിവിശ്വേരന്റെ പ്രഭാഷണത്തിനു ശേഷം 'എന്തിന് ചിരിക്കണം, എങ്ങെനെ ചിരിക്കണം' എന്ന വിഷയത്തില്‍ ഐ.എം.എ നമ്മുടെ ആരോഗ്യം ചീഫ് എഡിറ്റര്‍ ഡോ. ടി.സുരേഷ് കുമാര്‍ സംസാരിക്കും. പ്രഭാഷണങ്ങള്‍ക്കുശേഷം രണ്ടു വിഷയങ്ങളിലും ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് ഇരുവരും മറുപടിയും നല്‍കും.
നാളത്തെ മെഡ്‌ടോക്കില്‍, ദീര്‍ഘകാല ജീവിതത്തിനുള്ള പാചകവിധികളെപ്പറ്റി മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ.കെ.വി.കൃഷ്ണദാസ് സംസാരിക്കും. തുടര്‍ന്ന് മെഡിക്കല്‍ ഇന്‍വെസ്റ്റിഗേഷനുകളുടെ ഉപയോഗത്തേയും ദുരുപയോഗത്തേയും പറ്റി ഐ.എം.എ സെന്‍ട്രല്‍ വര്‍ക്കിങ് കമ്മിറ്റി അംഗം ഡോ. മോഹനന്‍നായരും പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റേയും ഏറ്റവും ആധുനികമായ നിലപാടുകളും നിഗമനങ്ങളും വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ അവതരിപ്പിക്കുന്ന മെഡ്‌ടോക് തുടര്‍ന്നുള്ള ദിവസങ്ങളിലും മെഡെക്‌സിനോടനുബന്ധിച്ചുണ്ടാകും.
അവധിദിവസങ്ങളായിരുന്ന ശനിയും ഞായറുമായി അയ്യായിരത്തിലേറെ ആളുകളാണ് മെഡെക്‌സ് കാണാനായി എത്തിയത്. വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കൊപ്പം നഴ്‌സിങ്, പാരാമെഡിക്കല്‍ മേഖലകളില്‍ പഠിക്കുന്നവരും മെഡിക്കല്‍ എന്‍ട്രന്‍സിന് തയാറെടുക്കുന്നവരും ഉള്‍പ്പെടെ പ്രദര്‍ശനം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കാനെത്തിയവരുടെ തിരക്കായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി മാത്രം കണ്ടിട്ടുള്ളവര്‍ക്ക് കോളജും കോളജിനോടനുബന്ധിച്ചുള്ള അനാട്ടമി, പത്തോളജി മ്യൂസിയങ്ങളും ഉള്‍പ്പെടെ ചുറ്റിനടന്നു കാണാനുള്ള അവസരം കൂടിയാണ് മെഡെക്‌സ് ഒരുക്കിയിട്ടുള്ളത്. കോളജിന്റെ രണ്ടു ബ്ലോക്കുകളിലെ മൂന്നു നിലകളിലായി രണ്ടു ലക്ഷം ചതുരശ്ര അടിയിലേറെ സ്ഥലം വിനിയോഗിച്ചാണ് രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. 54 പവലിയനുകളിലായി ആരോഗ്യരംഗത്തെ ഏതാണ്ട് എല്ലാ വിഭാഗങ്ങളും തങ്ങളുടെ സാങ്കേതികജ്ഞാനം പകര്‍ന്നു നല്‍കാനായി പ്രദര്‍ശനത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."