ഹരിതകേരളം: ജില്ലയ്ക്ക് ചീഫ് സെക്രട്ടറിയുടെ അഭിനന്ദനം
കൊല്ലം: ഹരിതകേരളം മിഷന്റെ ജില്ലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അഭിനന്ദനം. പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനും തുടര്‍പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ജില്ലാ കലക്ടര്‍ മിത്ര .ടിയെ അഭിനന്ദനമറിയിച്ചത്.
ജില്ലാതല ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തവും നൂതനവുമായ രീതിയില്‍ നടപ്പാക്കുന്നതിനും പൊതുജന പങ്കാളിത്തം ഉറപ്പവരുത്തുന്നതിനും സാധിച്ചെന്ന് അദ്ദേഹം വിലയിരുത്തി.നിലവിലുള്ള ജലസ്രോതസുകള്‍ നിലനിര്‍ത്തി, നവീകരിച്ച് ജലലഭ്യത ഉറപ്പാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സജ്ജമാക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
കരുനാഗപ്പള്ളി പുന്നക്കുളം ഏലായില്‍ 14 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി തുടക്കംകുറിച്ച ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍പുരോഗമിച്ചുവരികയാണ്. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തില്‍ പത്ത് വര്‍ക്ക് ഗ്രൂപ്പുകളുണ്ട്. ഇതിനു പുറമെ തദ്ദേശഭരണ സ്ഥാപനതലത്തിലും വര്‍ക്ക് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൃഷി, ശുചീകരണം എന്നീ മേഖലകളില്‍ കേന്ദ്രീകരിച്ചുകൊണ്ട് മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തന രേഖയ്ക്കും രൂപം നല്‍കിയിട്ടുണ്ട്.
കൃഷി വ്യാപകമാക്കുന്നതിനും ശുചീകരണത്തിനും ജല സംരക്ഷണത്തിലും പൊതുജന പങ്കാളിത്തം പരമാവധി ഉറപ്പുവരുത്തുന്നതിനുമുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ശുചിത്വം ശീലമാക്കി മാറ്റുന്നതിനായി വിവിധ പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഗ്രീന്‍ പ്രോട്ടോക്കോളിന്റെ പരിധിയില്‍ കൊണ്ടുവരുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
ഹരിത കേരളത്തിന്റെ സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കാനും പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിച്ചു. കരുനാഗപ്പള്ളി പോളിടെക്‌നിക്കില്‍ പച്ചക്കറി കൃഷിക്കായി തൊഴിലുറപ്പുപദ്ധതി അംഗങ്ങളുടെ സഹകരണത്തോടെ എട്ട് ഏക്കറോളം സ്ഥലം സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."