കുടിവെള്ളമില്ല; നാട്ടുകാര്‍ ജലനിധി ഓഫിസ് ഉപരോധിച്ചു
ചവറ: ജലനിധി വഴിയുള്ള വെള്ളം കിട്ടാതായിട്ട് ആഴ്ചകള്‍ പിന്നിട്ടതോടെ നാട്ടുകാര്‍ ജലനിധി ഓഫിസ് ഉപരോധിച്ചു. ചവറ ഗ്രാമ പഞ്ചായത്തിലെ തട്ടാശേരി, പുത്തന്‍കോവില്‍, ചെറുശ്ശേരി ഭാഗം വാര്‍ഡ് നിവാസികളാണ് മണിക്കൂറുകളോളം ഉപരോധം നടത്തിയത്.
തീരദേശ വാര്‍ഡുകളുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് കൃത്യമായി വെള്ളം എത്താത്തത്. പ്രദേശത്തെ ജല ലഭ്യതക്കായി സ്ഥാപിച്ച
കുഴല്‍ കിണര്‍ പ്രവര്‍ത്തന യോഗ്യമാക്കുന്നതില്‍ ജലനിധിയും പഞ്ചായത്തും തമ്മിലുള്ള തര്‍ക്കം കാരണമാണ് തങ്ങള്‍ക്ക് വെള്ളം കിട്ടാത്തതെന്ന് നാട്ടുകാര്‍ പറയുന്നു.
പൊലിസെത്തി ഉപരോധക്കാരുമായി ചര്‍ച്ച നടത്തി എങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പഞ്ചായത്ത് അധികൃതരും, ജലനിധി അധികൃതരും പൊലിസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അടുത്ത ദിവസം തന്നെ വെള്ളം എത്തിക്കാമെന്ന അധികൃത ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. കെ.എം.എം.എല്‍, ഐ.ആര്‍.ഇ കമ്പനികളുടെ പ്രവര്‍ത്തന മേഖലയായ വാര്‍ഡുകളില്‍ ജലനിധി വഴിയുള്ള ജല വിതരണം മുടങ്ങിയാല്‍ കമ്പനി നേരിട്ട് ജലമെത്തിക്കാന്‍ മാര്‍ഗം സ്വീകരിക്കണമെന്ന് യോഗത്തില്‍ സമരക്കാര്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തംഗം ശോഭ, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. അരുണ്‍ രാജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി. ജ്യോതിഷ് കുമാര്‍, കവിത, പൊന്നി വല്ലഭ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."