ഖത്തര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം
ദോഹ: പ്രമോഷനുകളും സമ്മാനങ്ങളും വിനോദങ്ങളുമുള്‍പ്പെട്ട ഖത്തര്‍ ഷോപ്പിങ് മാമാങ്കം, 'ഷോപ്പ് ഖത്തറി'ന് തുടക്കമായി. മാള്‍ ഓഫ് ഖത്തറിലെ ഒയാസിസില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് മാര്‍ക്കറ്റിങ് ആന്റ് പ്രമോഷന്‍ ഓഫിസര്‍ റാഷിദ് അല്‍ഖുറേസി, മാള്‍ ഓഫ് ഖത്തര്‍ സിഇഒ അഹ്്മദ് അല്‍മുല്ല എന്നിവര്‍ ചേര്‍ന്ന് ഉദ്്ഘാടനം നിര്‍വഹിച്ചു.
വര്‍ണാഭമായ അര്‍ദ നൃത്തം, വെടിക്കെട്ട്, മറ്റ് കലാപരിപാടികള്‍ എന്നിവ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി. ഹമദ് അല്‍അമാരിയുടെ ഹാസ്യാവതരണവും ഖത്തരി ഗായകന്‍ ഫഹദ് അല്‍ഖുബൈസിയുടെ പാട്ടുകളും കാഴ്ചക്കാരുടെ മനം കവര്‍ന്നു. എ ബ്രാന്‍ഡ് ന്യൂ ട്രഡീഷന്‍ എന്ന തീമില്‍ സംഘടിപ്പിച്ചിരുന്ന മേള മുഴുവന്‍ ഖത്തര്‍ നിവാസികളെയും പങ്കാളികളാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
മേളയോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചില്ലറ വില്‍പ്പന ശാലകള്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാള്‍ ഓഫ് ഖത്തറിന് പുറമേ, എസ്ദാന്‍ മാള്‍, ഹയാത്ത് പ്ലാസ, അല്‍ഖോര്‍ മാള്‍, ദി ഗേറ്റ്, ദി പേള്‍ ഖത്തര്‍ തുടങ്ങിയവയും മേളയില്‍ പങ്കാളികളാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷോപ്പിങ് സെന്ററുകളില്‍ ഒരുക്കിയ 300 പോപ്പ് അപ്പ് ഷോപ്പുകളാണ് ഷോപ്പ് ഖത്തറിന്റെ മറ്റൊരു പ്രത്യേകത. ഖത്തറിലെ വെര്‍ജെനീയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെയും മറ്റു പ്രാദേശിക ഡിസൈനര്‍മാരും രൂപകല്‍പ്പന ചെയ്ത വിവിധ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്.
ഷോപ്പ് ഖത്തറിന്റെ ഭാഗമായ വ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് 200 റിയാലിന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പില്‍ പങ്കാളികളാകാവുന്നതാണ്. മൊത്തം 40 ലക്ഷം റിയാല്‍ മൂല്യം വരുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 10 ലക്ഷം റിയാലിന്റെ ജാക്ക്‌പോട്ട് പ്രൈസും ഒരുക്കിയിട്ടുണ്ട്.
ജനുവരി 12 മുതല്‍ 14 വരെ കോര്‍ണിഷില്‍ പൊതു ആഘോഷം നടക്കും. വൈകീട്ട് 4 മുതല്‍ 10 വരെ ഭക്ഷണ ട്രക്കുകള്‍, സ്റ്റാളുകള്‍ എന്നിവ രുചി മേളയുമായെത്തും. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടോടെയാണ് ഓരോ ദിവസത്തെയും പരിപാടികള്‍ സമാപിക്കുക. ലോക പ്രശസ്ത നൃത്ത സംഗീത പരിപാടിയായ കാറ്റ്‌സ്, ഗാനമേളകള്‍, കോമഡി പരിപാടികള്‍ തുടങ്ങിയവയും ഷോപ്പ് ഖത്തറിന്റെ ഭാഗമായി ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."