രൂപേഷിന്റെ അഭിഭാഷകന് ബാലമുരുകനെ തമിഴ്നാട്ടില്‍ അറസ്റ്റ് ചെയ്തു
കാളികാവ്: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഭാര്യ ഷൈനയുടേയും അഭിഭാഷകനെ തമിഴ് നാട്ടില്‍ ജയിലിലടച്ചു. മധുരയിലെ അഡ്വ. ബാലമുരുകനെയാണ് മാവോയിസ്റ്റുകളെ സഹായിച്ചുവെന്ന കുറ്റത്തിന് തമിഴ്നാട്ടിലെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രൂപേഷിനും ഷൈനക്കും തമിഴ്നാട്ടിലും കേരളത്തിലുമുള്ള കേസുകളില്‍ ഹാജരാകുന്നത് ബാലമുരുകനാണ് . ഞായറാഴ്ച മധുരയിലെ വസതിയില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളെ സഹായിച്ചതിന് ബാലമുരുകനെതിരേ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അഭിഭാഷകനെന്ന പദവി ദുരുപയോഗം ചെയ്തുവെന്നതാണ് ക്യൂ ബ്രാഞ്ച് ഉന്നയിച്ച പ്രധാന ആരോപണം. പൊലിസ് തിരയുന്ന മാവോയിസ്റ്റ് വേല്മുരുകന് ബാലമുരുകന്റെ സഹോദരനാണ്. വേല്മുരുകന് ഉള്‍പ്പടെ തമിഴ്നാട്ടില്‍ നിന്നുള്ള മാവോയിസ്റ്റ് പോരാളികള്‍ നിലമ്പൂര്‍ കാടുകളിലുണ്ടെന്നാണ് നിഗമനം.
നിലമ്പൂര്‍ കാടുകളിലുള്ള മാവോയിസ്റ്റുകള്‍ക്ക് ബാലമുരുകന് മരുന്നുകളും മറ്റു സാധനങ്ങളും എത്തിച്ചു കൊടുത്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ക്യൂ ബ്രാഞ്ച് പറഞ്ഞു.
മാവോയിസ്റ്റുകളുടെ കേസിനെ കുറിച്ച് വ്യക്തമായി അറിവുള്ള അഭിഭാഷകന് പിടിയിലായതോടെ കേസിന്റെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മാവോയിസ്റ്റുകളെ സഹായിക്കുന്നവരിലേക്ക് കൂടി നടപടി വ്യാപിപ്പിക്കുന്നുവെന്ന സൂചനയാണ് ക്യൂ ബ്രാഞ്ച് നല്‍കുന്നത്.
കേരളത്തിലും മാവോയിസ്റ്റുകളെ സഹായിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തി വരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."