സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്; കുറ്റ്യാടിയില്‍ ലതികയെ തോല്‍പ്പിച്ചത് സ്ഥാനമോഹികളായ നേതാക്കള്‍
കോഴിക്കോട്: സംസ്ഥാനത്താകെ എല്‍.ഡി.എഫ് വന്‍ വിജയം നേടിയപ്പോഴും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ കെ.കെ ലതിക പരാജയപ്പെടാനിടയായത് നേതാക്കളുടെ അധികാരമോഹത്തെ തുടര്‍ന്നെന്ന് സി.പി.എം അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
കുറ്റ്യാടിയില്‍ ലതിക പരാജയപ്പെടാനിടയായ സാഹചര്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ജില്ലയിലെ ഉന്നത നേതാക്കളെയുള്‍പ്പെടെ കുറ്റപ്പെടുത്തുന്നത്.
ലതിക തോറ്റത് പാര്‍ട്ടിയിലെ സ്ഥാനമോഹികളായ നേതാക്കള്‍ കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വിശ്വന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ ഉടന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്നാണറിയുന്നത്. അതേസമയം സംസ്ഥാന നേതാക്കളെവരേ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ജില്ലാ കമ്മിറ്റിക്ക് മുന്‍പില്‍ എത്തിയാല്‍ അത് വീണ്ടും രൂക്ഷമായ വിഭാഗീയതയ്ക്ക് ഇടയാക്കുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.
കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ ഭാര്യയാണ് കെ.കെ ലതിക. 1157 വോട്ടിന് മുസ്‌ലിം ലീഗിലെ പാറക്കല്‍ അബ്ദുല്ലയോടാണ് ഇവര്‍ പരാജയപ്പെട്ടത്. ജില്ലയിലെ 13ല്‍ 11 മണ്ഡലങ്ങളിലും എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ സിറ്റിങ് മണ്ഡലത്തിലെ തോല്‍വി സംസ്ഥാന നേതാക്കളെ ഞെട്ടിച്ചിരുന്നു. പേരാമ്പ്രയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനെ തോല്‍പ്പിക്കാനും ശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് അറിയുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ലതികക്കെതിരേയുള്ള നീക്കങ്ങള്‍ സജീവമായിരുന്നുവെന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍.
കെ.കെ ലതിക കുറ്റ്യാടിയില്‍ മൂന്നാംതവണ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് ചില നേതാക്കള്‍ തുടക്കം മുതല്‍ പ്രചരിപ്പിച്ചിരുന്നു. ലതികയെ തന്നെ പ്രഖ്യാപിച്ചതോടെ ചില വനിതാനേതാക്കള്‍ ഇതിനെതിരേ രംഗത്തുവന്നു.
ഇതു പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ലതിക മത്സരിക്കില്ലെന്നും പകരം മത്സരിക്കേണ്ടവരാണെന്നും കാണിച്ച് ചില നേതാക്കളുടെ പേരുകള്‍ പ്രചരിപ്പിക്കാനും ശ്രമമുണ്ടായി.
ലതിക കുറ്റ്യാടിയില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചതോടെ കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ഇവരെ ഏകോപിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."