കമലിനെതിരായ പ്രസ്താവന; ബി.ജെ.പിക്കെതിരേ വ്യാപക പ്രതിഷേധം
കോഴിക്കോട്: സംവിധായകന്‍ കമലിനെതിരായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരേ വ്യാപക പ്രതിഷേധം. രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും വിവാദ പ്രസ്താവനക്കെതിരേ രംഗത്തുവന്നു. കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും രാജ്യം വിട്ടുപോകണമെന്നുമുള്ള രാധാകൃഷ്ണന്റെ ആക്രോശത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. രാധാകൃഷ്ണനെ പിന്തുണച്ച ബി.ജെ.പി നേതാവ് എം.ടി രമേശിന്റെ നടപടിയും പ്രതിഷേധം ക്ഷണിച്ചുവരുത്തി.
മതേതര കേരളത്തിനു
വെല്ലുവിളി: ചെന്നിത്തല
തിരുവനന്തപുരം: എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കമലിനെ തീവ്രവാദിയായി മുദ്രകുത്തിയവര്‍ക്കെതിരേ കേസെടുക്കണം.
കലാകാരനെ വര്‍ഗീയതയുടെ മുദ്രകുത്തി അപമാനിക്കുന്നതിലൂടെ ബി.ജെ.പിയുടെ തനിനിറമാണ് പുറത്ത് വരുന്നത്. ഇത്തരം പ്രസ്താവനകള്‍ മതേതര കേരളത്തിനു വെല്ലുവിളിയാണ്. ബി.ജെ.പി നേതാക്കള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങള്‍: കോടിയേരി
തിരുവനന്തപുരം: ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പ്പനങ്ങളാണ് ബി.ജെ.പി നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി. നേതാക്കാളുടെ ആക്രോശം വജ്രജൂബിലി
ആഘോഷിക്കുന്ന കേരളത്തിന്റെ ബഹുസ്വരതാ സമൂഹത്തിന് മേല്‍ വീണ വിഷക്കറയാണ്. ജീര്‍ണതയില്‍ നിന്നും സമൂഹത്തെ മോചിപ്പിച്ച് പരോഗതിയിലേക്ക് നയിച്ചതില്‍ കലയും സംസ്‌കാരവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംഘ്പരിവാറിനേയും മോദിയേയും അനുകൂലിക്കാത്ത കലാകാരന്മാരും സാംസ്‌കാരിക നായകരും ഇന്ത്യവിടണമെന്ന ആവശ്യം തികഞ്ഞ വര്‍ഗീയ ഭ്രാന്താണെന്നും കോടിയേരി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വംശീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമം: സുധീരന്‍
ന്യൂഡല്‍ഹി: സാക്ഷി മഹാരാജിന്റെ ശിക്ഷ്യന്മാരാകാനാണ് കേരളത്തിലെ ചില ബി.ജെ.പി നേതാക്കളുടെ ശ്രമമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. സംവിധായകന്‍ കമലിനെതിരായ ബി.ജെ.പി നേതാക്കളുടെ അഭിപ്രായ പ്രകടനം ഉത്തരേന്ത്യയില്‍ നടത്തുന്ന ധ്രൂവീകരണ രാഷ്ട്രീയം കേരളത്തിലും പരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കമലിന് നേരെ ബി.ജെ.പി നേതാക്കള്‍ സംഘടിതമായ ആക്രമണമാണ് നടത്തുന്നത്. വംശീയ വിദ്വേഷവും മത വിദ്വേഷവും ഉണ്ടാകുന്നതരത്തിലുള്ള അഭിപ്രായങ്ങളാണ് അവര്‍ പറയുന്നത്. മതേതര കേരളത്തിന് അപമാനകരമാണ് ബി.ജെ.പി നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ഇന്ത്യ സങ്കികളുടെ
തറവാട്ടുസ്വത്തല്ല: കെ. മുരളീധരന്‍
തിരുവനന്തപുരം: ഇന്ത്യ സങ്കികളുടെ തറവാട്ടുസ്വത്തായത് എന്നുമുതലാണെന്ന ചോദ്യവുമായി കെ. മുരളീധരന്‍ എം.എല്‍.എ.
സംവിധായകന്‍ കമല്‍ ഇന്ത്യ വിടുന്നതാണു നല്ലതെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനക്കെതിരേ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ജീനുകളില്‍ ബി.ജെ.പിക്കാരേക്കാള്‍ ഇന്ത്യന്‍ പാരമ്പര്യം കാണുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ജനകീയപ്രതിരോധം തീര്‍ക്കണം: ഷാഫി പറമ്പില്‍
തിരുവനന്തപുരം: ഇന്ത്യ ബി.ജെ.പിക്ക് സ്ത്രീധനമായി കിട്ടിയതല്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ഇന്ത്യയുടെ മൊത്താവകാശം ആരെയും ഏല്‍പ്പിച്ചിട്ടില്ല. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരേ ജനകീയമായ പ്രതിരോധം തീര്‍ക്കണമെന്നും ഫാസിസ്റ്റ് നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
മതവൈരം സൃഷ്ടിക്കാനുള്ള
ശ്രമം: എം.കെ രാഘവന്‍ എം.പി
കോഴിക്കോട്: കമലിനെതിരായ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് എം.കെ രാഘവന്‍ എം.പി. പ്രസ്താവന പിന്‍വലിക്കാന്‍ ബി.ജെ.പി തയാറാകണം.
കേരളത്തിലെ അറിയപ്പെടുന്ന സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകനായ കമലിനെതിരായ നീക്കം ജനാധിപത്യ പ്രസ്ഥാനത്തിന് യോജിച്ചതല്ല. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ തീവ്രവാദിയായി മുദ്രകുത്തുന്നത് നാടിന് ഗുണകരമല്ല. ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
പേരില്‍ വര്‍ഗീയതചാര്‍ത്തുന്നത് പുതിയ ഫാസിസ്റ്റ് ശൈലി:
സെബാസ്റ്റ്യന്‍പോള്‍
കോഴിക്കോട്: പേരില്‍പോലും വര്‍ഗീയത കണ്ടെത്തുന്നത് പുതിയ ഫാസിസ്റ്റ് ശൈലിയുടെ ഭാഗമാണെന്ന് ഡോ. സെബാസ്റ്റിയന്‍പോള്‍. ഇതിന്റെ ഭാഗമാണ് കമലിനുനേരെയുള്ള സംഘ്പരിവാറിന്റെ ആസൂത്രിത നീക്കം. തുഗ്ലക്ക് ഭരണ ശൈലിയിലൂടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ ബി.ജെ.പി നേതാക്കള്‍
ഗുജറാത്തില്‍ പോവണം:
ഉഴവൂര്‍ വിജയന്‍
കോഴിക്കോട്: കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് എ. എന്‍ രാധാകൃഷ്ണന്‍ കേരളം വിട്ട് ഗുജറാത്തില്‍ സ്ഥിരതാമസമാക്കണമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.
സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും അടുത്ത് ചെ ഗുവേരയുടെ പടം വച്ചതിനെ വിമര്‍ശിക്കുന്നവര്‍ ബി.ജെ.പി പരിപാടികളില്‍ ഗോഡ്‌സെയുടെ പടം വയ്ക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
രാധാകൃഷ്ണന്‍ കേരളത്തിലെ സാക്ഷി മഹാരാജ്: ഡീന്‍
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ കേരളത്തിലെ സാക്ഷി മഹാരാജാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കമലിനെ രാജ്യദ്രോഹിയെന്നു വിളിച്ച രാധാകൃഷ്ണനെ ജയിലിലടക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
പബ്ലിസിറ്റിക്ക് നെറികെട്ട
മാര്‍ഗം: യുവജനതാദള്‍
കോഴിക്കോട്: ബി.ജെ.പിയുടെ മേഖലാ ജാഥകള്‍ ആരും ശ്രദ്ധിക്കാതായതോടെ പ്രചരണത്തിന് നെറികെട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് യുവജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ പറഞ്ഞു. കമല്‍ നാടുവിട്ടാല്‍ ആരാണ് സ്വീകരിക്കുകയെന്നു ബി.ജെ.പി വ്യക്തമാക്കണം.
അനന്തമൂര്‍ത്തി നാടുവിട്ടുപോയതുപോലെയാണോ ബി.ജെ.പി ഉദ്ദേശിച്ചതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ സ്വപ്നം മാത്രം: ആഷിക് അബു
പൊന്നാനി: കമലിന് പിന്തുണയുമായി സംവിധായകന്‍ ആഷിക് അബു. കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും. ബാക്കിയൊക്കെ നിങ്ങളുടെ സ്വപ്നമാണെന്നും ആഷിക് അബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."