വിവാഹം: മാറ്റം കാണാതിരിക്കരുത്
വിവാഹത്തട്ടിപ്പിനെക്കുറിച്ചുള്ള കത്തുകളാണ് ഈ കുറിപ്പിനു കാരണം. സ്ത്രീധനവിഷയത്തില്‍ സമൂഹത്തിലുണ്ടായ വലിയൊരു മാറ്റം കാണാതെ പോകരുത്. സ്ത്രീധനം വാങ്ങുന്ന വിവാഹം ഇന്നു വളരെ കുറവാണ്. ഖത്വീബുമാരും പ്രഭാഷകരും പ്രസിദ്ധീകരണങ്ങളും തന്നെയാണ് ഈ വലിയ മാറ്റത്തിനു പ്രചോദനമായത്.
അതോടൊപ്പം അറിയേണ്ട മറ്റൊന്നുകൂടി. ചില രണ്ടാംവിവാഹത്തിനും മൂന്നാംവിവാഹത്തിനുമൊക്കെ ഭാവിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ കാര്‍മികത്വം വഹിക്കാന്‍ ഖാസിമാര്‍ നിര്‍ബന്ധിതരാവാറുണ്ട്.
പ്രായമേറിയിട്ടും വിവാഹം ശരിയാകാത്ത പെണ്ണിന്റെ പിതാവ് ചിലപ്പോള്‍ ഒത്തുവരുന്ന ഇത്തരം രണ്ടാംകെട്ടിന്റെ കാര്യവുമായി ഖാസിയുടെ മുമ്പില്‍ വന്നുപറയുന്ന ഒരു വാക്കുണ്ട്: ''ഉസ്താദേ ഹലാലായ നിലയ്ക്ക് ഒരു കുട്ടിയെ കിട്ടിയാല്‍ അവസാനം അവള്‍ക്ക് അതെങ്കിലും ഒരു തുണയാകുമല്ലോ.''
വിവാഹം വൈകിപ്പോയ പെണ്ണിന്റെയും ചിന്ത ഇതാകുമ്പോള്‍ നികാഹ് ചെയ്തുകൊടുക്കുകയല്ലാതെ ഖാസിക്കും കമ്മിറ്റിക്കും നിര്‍വാഹമില്ലാതെ വരും. അത്തരം കുട്ടികള്‍ തുണയായി കഴിയുന്ന പല സ്ത്രീകളും മുമ്പിലുണ്ടാവുമ്പോള്‍ പ്രത്യേകിച്ചും.
വിവാഹാഘോഷത്തിലെ ആഭാസങ്ങളാണു മറ്റൊരു പ്രശ്‌നം. എന്റെ മഹല്ലില്‍ വിവാഹവിഷയവുമായി രക്ഷിതാവു വരുമ്പോള്‍ത്തന്നെ വരന്റെ മഹല്ലില്‍നിന്നു പൂരിപ്പിച്ചു സീല്‍ചെയ്തു കൊണ്ടുവരേണ്ട വിശദമായ നിരാക്ഷേപപത്രവും വിവാഹാഘോഷത്തില്‍ പാലിക്കേണ്ട മര്യാദകള്‍ നിര്‍ദേശിക്കുന്ന നോട്ടീസും നല്‍കാറുണ്ട്. കുറേയൊക്കെ ആഭാസങ്ങള്‍ കുറയ്ക്കാന്‍ ഇതുകൊണ്ടൊക്കെ കഴിയും.
പിന്നെ ഇന്ത്യാമഹാരാജ്യത്തെ സ്വാതന്ത്ര്യംപറയുന്ന ചിലരൊക്കെയുണ്ടാകും. അവര്‍ വൈകാതെ പഠിച്ചോളും. ബോധവത്കരണം കുറെയൊക്കെ ഫലംചെയ്യും, മഹല്ലുകൂട്ടായ്മകളിലൂടെയായാല്‍ പ്രത്യേകിച്ചും. ഒരു മഹല്ല് ചെയ്തു കൊടുക്കാത്ത നികാഹ് അടുത്ത മഹല്ല് ചെയ്തുകൊടുത്ത് പ്രസ്ഥാനത്തിലേക്ക് ആളെക്കൂട്ടുന്ന ഏര്‍പ്പാടും ചിലപ്പോള്‍ കാണാം. അതൊക്കെ മഹല്ലിനെ ധിക്കരിക്കാന്‍ പ്രോത്സാഹനമാകും. മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പരലോകനേട്ടത്തിനാണെന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടാകണം.
സാദിഖ് അന്‍വരി,
എടക്കര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."