റഫ്സന്ജാനിയുടെ ഖബറടക്കം ഇന്ന്; മയ്യിത്ത് നിസ്കാരത്തിന് ഖാംനഇ നേതൃത്വം നല്‍കും
തെഹ്റാന്: മുന്‍ ഇറാന് പ്രസിഡന്റും 1979ലെ ഇസ്ലാമിക വിപ്ലവാചാര്യനുമായ ആയത്തുല്ലാ അക്ബര്‍ ഹാഷ്മി റഫ്സന്ജാനിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ആയിരക്കണക്കിന് പൗരന്മാരും രാജ്യത്തെ മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു. ഖബറടക്കം ഇന്നു നടക്കും. അവസാന മയ്യിത്ത് നിസ്കാരത്തിന് ഇറാന് പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇ നേതൃത്വം നല്‍കും.
ഞായറാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റഫ്സന്‍ജാനി അന്തരിച്ചത്. ഇറാന്റെ ആധുനികവല്‍ക്കരണത്തിനും സാമ്പത്തിക ഉദാരവല്‍ക്കരണത്തിനും പരിഷ്കരണത്തിനും നേതൃത്വം നല്കിയ അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാനായി ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ള ആയിരങ്ങളാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍, ഭൗതികശരീരം അന്ത്യകര്‍മങ്ങള്‍ക്കായി എത്തിച്ച കിഴക്കന്‍ തെഹ്റാനിലെ ജമാറന് പ്രാര്‍ഥനാ ഹാളില്‍ എത്തിയത്.
ഇറാന് പ്രസിഡന്റ് ഹസന് റുഹാനി, കാബിനറ്റ് അംഗങ്ങള്‍, റഫ്സന്ജാനിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ അന്ത്യയാത്രയില്‍ പങ്കെടുത്തു. ആദരസൂചകമായി ഇറാനില്‍ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പഴയ കൂട്ടുകാരനെയും ഉറ്റകൂട്ടാളിയെയുമാണു നഷ്ടപ്പെട്ടതെന്ന് ആയത്തുല്ലാ അലി ഖാംനഇ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 59 വര്‍ഷക്കാലത്തെ സൗഹൃദത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റേത് തീരാനഷ്ടമാണെന്നും താങ്ങാനാകാത്തതാണെന്നും ഖാംനഇ പറഞ്ഞു. ഇസ്ലാമിനും ഇറാനിനും ഇസ്ലാമിക വിപ്ലവത്തിനും കനത്ത നഷ്ടമാണ് റഫ്സന്ജാനിയുടെ വിയോഗമെന്ന് പ്രസിഡന്റ് ഹസന് റൂഹാനി അനുശോചിച്ചു. ഇസ്ലാമിക വിപ്ലവത്തിന്റെ മുഖ്യശില്പിയായ അദ്ദേഹം സഹനത്തിന്റെയും വിശ്വാസത്തിന്റെയും സമന്വയത്തിന്റെയും പ്രതീകമായിരുന്നെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫ്, താജികിസ്ഥാന്‍ പ്രസിഡന്റ് ഇമോമലി രാഖ്മോന്, കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, മുന്‍ തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്‍, അഫ്ഗാനിസ്ഥാന് ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ല, മുന്‍ ഇറാഖ് പ്രധാനമന്ത്രിയും നിലവിലെ വൈസ് പ്രസിഡന്റുമായ നൂരി അല്‍ മാലിക്കി, തുര്‍ക്കി യൂറോപ്യന്‍ യൂനിയന്കാര്യ ഒമര്‍ സെലിക്, യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ്, ഇറാനിലെ യു.എന്‍ കോഡിനേറ്റര്‍ ഗാരി ലെവിസ്, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ, ശീഈ സായുധ സംഘം ഹിസ്ബുല്ലാ തലവന്‍ സയ്യിദ് ഹസന് നസ്റുല്ല തുടങ്ങിയ ലോകനേതാക്കളും അനുശോചന സന്ദേശമയച്ചിട്ടുണ്ട്. ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ്, ജുഡിഷ്യറി മേധാവി ആയത്തുല്ല സാദിഖ് അമോലി ലാരിജാനി എന്നിവരും അനുശോചനം രേഖപ്പെടുത്തി.
ഇറാന് ഇസ്ലാമിക് റിപബ്ലിക്കിന്റെ സ്ഥാപകനായ അദ്ദേഹം 1979ലെ വിപ്ലവത്തിനു മുന്‍പു നടന്ന ഷാഹ് പഹ്ലവി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. 1989 മുതല്‍ 1997 വരെ രാജ്യത്തിന്റെ പ്രസിഡന്റായി. 1980ന് ആരംഭിച്ച് എട്ടുവര്‍ഷം നീണ്ടുനിന്ന ഇറാന്-ഇറാഖ് യുദ്ധത്തില്‍ സൈനിക കമാന്‍ഡര്‍ തലവനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."