ചര്‍ച്ചക്ക് തയാറെന്ന് അസദ്
ബെയ്‌റൂത്ത്: സിറിയയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കും ഒത്തുതീര്‍പ്പിനും തയാറാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ്. അഞ്ചു വര്‍ഷമായി അസദിന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യക്കുരുതിക്ക് ഒടുവിലാണ് അസദ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്.
കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സമാധാന ചര്‍ച്ചയ്ക്ക് ഇരിക്കുമെന്നും ഇതില്‍ എല്ലാവിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നുമാണ് അസദ് പറഞ്ഞത്. ഒരു ഫ്രഞ്ച് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അസദിന്റെ വെളിപ്പെടുത്തല്‍. ദേശീയ വാര്‍ത്താ ഏജന്‍സി സനയാണ് അഭിമുഖം പുറത്തുവിട്ടത്. ഈമാസം അവസാന വാരം അസ്താനയില്‍ സമാധാന ചര്‍ച്ച നടന്നേക്കും.
അസദ് ഭരണകൂടത്തിന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യ കഴിഞ്ഞ ദിവസം സിറിയയിലെ സൈനിക സാന്നിധ്യം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. അസ്താനയില്‍ സമാധാന ചര്‍ച്ചക്ക് റഷ്യയും സിറിയയും ഇറാനും തുര്‍ക്കിയും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സിറിയയുടെ സഖ്യകക്ഷികളാണ് ഈ രാജ്യങ്ങള്‍.
കിഴക്കന്‍ അലെപ്പോയില്‍ വിമതര്‍ പരാജയം നേരിട്ട സാഹചര്യത്തിലാണ് അസദ് ചര്‍ച്ചയ്ക്ക് തയാറായത്. അലെപ്പോയിലെ മേല്‍കോയ്മ തങ്ങളുടെ വിജയമാണെന്ന് അസദ് അഭിമുഖത്തില്‍ അവകാശപ്പെട്ടു. അസ്താനയില്‍ എപ്പോഴാണ് ചര്‍ച്ചയെന്ന് അറിയിച്ചാല്‍ സിറിയ പ്രതിനിധിസംഘത്തെ അയക്കുമെന്ന് അസദ് പറഞ്ഞു.
ചര്‍ച്ചയിലെ ഉടമ്പടികളെ കുറിച്ച് ഭരണഘടനാ കേന്ദ്രങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കും. സിറിയയില്‍ പ്രതിപക്ഷമില്ലെന്നും മറുഭാഗത്ത് ആരായിരിക്കുമെന്ന് അറിയില്ലെന്നും അസദ് പറഞ്ഞു. ഭരണഘടനാ ഭേദഗതി സംബന്ധിച്ച ഹിതപരിശോധനയെ കുറിച്ചും അദ്ദേഹം സൂചന നല്‍കി.
സഊദിയാണ് തനിക്കെതിരേ നീക്കം നടത്തുന്നതെന്നും സിറിയയിലെ വിഭാഗങ്ങള്‍ റിയാദില്‍ നിന്ന് തിരിച്ചുവരണമെന്നും പറഞ്ഞ അസദ്, തനിക്കെതിരേ പ്രവര്‍ത്തിക്കുന്ന സഊദി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പേരെടുത്ത് പരാമര്‍ശിച്ചു. ജനങ്ങളുടെ കുടിവെള്ളം മുടക്കി എന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് അസദ് വിമതര്‍ക്കെതിരേ ഉന്നയിച്ചത്.
റഷ്യയും തുര്‍ക്കിയും മുന്‍കൈയെടുത്താണ് ഇപ്പോള്‍ അസദിനെ ചര്‍ച്ചയിലൂടെ രക്ഷപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."