നോട്ട് നിരോധനത്തിന്റെ മറവില്‍ വെളുപ്പിച്ചത് 78,000 കോടി
പാലക്കാട്: കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരാനെന്ന പേരില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ക്യൂവില്‍ നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന്റെ മറവില്‍ 78,000 കോടി രൂപയുടെ കള്ളനോട്ട് വെളുപ്പിച്ചതായി ഇന്റലിജന്‍സ് ബ്യൂറോ.
ഇന്ത്യക്കകത്തും പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും അച്ചടിച്ച കള്ളനോട്ടുകളാണ് ഇത്തരത്തില്‍ ഇന്ത്യന്‍ അംഗീകൃത നോട്ടുകളാക്കി മാറ്റിയതെന്ന് ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ നടുക്കുന്ന ഈ വലിയ നെറികേടിന് ന്യൂജനറേഷന്‍ ബാങ്കുകളിലേതടക്കം ഒരു വിഭാഗം ജീവനക്കാരുടെ ഒത്താശയുമുണ്ടായി. ഈ രീതിയില്‍ ബാങ്കുകളിലൂടെ സമര്‍പ്പിച്ച കള്ളനോട്ടുകള്‍ നശിപ്പിക്കപ്പെടുകയും പകരം സര്‍ക്കാര്‍ അംഗീകൃത നോട്ടുകള്‍ സ്വന്തമാക്കുകയും ചെയ്ത സംഭവത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടന്നാല്‍ പോലും പരല്‍മീനുകള്‍ മാത്രമാണ് കുടുങ്ങുകയെന്നും വന്‍കിട ഗ്രൂപ്പുകളോ ഉന്നത ബന്ധങ്ങളുള്ള വ്യക്തികളോ സ്ഥാപനങ്ങളോ തടിയൂരിപ്പോകുമെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു.
മഹാരാഷ്ട്രയാണ് കള്ളനോട്ട് വെളുപ്പിക്കലില്‍ മുന്നില്‍. 17,000 കോടിയുടെ കള്ളനോട്ടാണ് ഇവിടെ ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയത്. രണ്ടാംസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിന്. 13,500 കോടിരൂപയാണ് ഗുജറാത്തില്‍ വെളുപ്പിച്ചത്.
ഇക്കാര്യത്തില്‍ കേരളവും മോശമല്ല. 2000 കോടി രൂപയാണു സംസ്ഥാനത്ത് വെളുത്തത്. ഇക്കാര്യങ്ങള്‍ പുറത്തുവരുന്നുവെന്നു മനസിലാക്കിയ ഒരു പ്രമുഖ ബാങ്ക്, തുക ചെറുതാക്കിയാണെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് ഏറ്റുപറഞ്ഞതിനെക്കുറിച്ചും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പഴയ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള കാലപരിധിയായ ഡിസംബര്‍ 30നുള്ളില്‍ 14.97 ലക്ഷം കോടിയുടെ നോട്ടുകളാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്. 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു രാജ്യത്താകെ ഉണ്ടായിരുന്നത്. ഇതില്‍ 10 ലക്ഷംകോടി മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നായിരുന്നു സര്‍ക്കാരും ബി.ജെ.പി നേതാക്കളും പറഞ്ഞിരുന്നത്. എന്നാല്‍ ബാങ്കുകളില്‍ തിരികെ നിക്ഷേപിക്കപ്പെട്ട തുകയുടെ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും ഞെട്ടിപ്പിക്കുന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നുകോടി പ്രവാസികളുണ്ട്. ഇവരുടെ കൈയില്‍ റിസര്‍വ് ബാങ്ക് അടിച്ചതും ഇപ്പോള്‍ അസാധുവാക്കപ്പെട്ടതുമായ കറന്‍സിയുടെ കരുതല്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുണ്ടാവുമെന്നും ഇന്റലിജന്‍സ് കണക്കുനിരത്തുന്നു. ഇതിന്റെ യഥാര്‍ഥ ചിത്രം പുറത്തുവരാന്‍ ജൂണ്‍ 30 വരെ കാത്തിരിക്കണമെന്നതാണ് പ്രധാന പ്രതിസന്ധി. ഇതിനുപുറമെ ഇനിയും വലിയൊരു വിഭാഗം കള്ളപ്പണക്കാരും കള്ളനോട്ടുകാരും അവസരങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ വന്‍തുകയുടെ കറന്‍സി കൂമ്പാരങ്ങളുമായി കാത്തിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, മതസംഘടനകള്‍ എന്നിവയിലൂടെയും ആദ്യ ഘട്ടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദിവസക്കൂലി നല്‍കി ക്യൂവില്‍ നിര്‍ത്തിയും കള്ളപ്പണവും കള്ളനോട്ടും വ്യാപകമായി വെളുപ്പിച്ചെടുത്തതായാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."