ജിഷ്ണു തൂങ്ങിയാണ് മരിച്ചതെന്ന് പൊലിസ് നിഗമനം
തൃശൂര്‍: തൃശൂര്‍ തിരുവില്വാമല പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു തൂങ്ങിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ്.
പൊലിസിന്റെ പരിശോധനക്കൊടുവിലാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത രീതി കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി സാങ്കേതിക സര്‍വകലാശാല അധികൃതരും സംസ്ഥാന യുവജന കമ്മിഷനും ഇന്ന് കോളജിലെത്തി തെളിവെടുപ്പ് നടത്തും.
കോളജ് അധികൃതരുടെ മാനസികവും ശാരീരികവുമായ പീഡനത്തില്‍ മനംനൊന്താണു ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കളും സഹപാഠികളും ആരോപിച്ചിരുന്നു. വിദ്യാര്‍ഥിയെ അധ്യാപകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ശരീരത്തില്‍ ചതവുകളേറ്റ പാടുണ്ടായിരുന്നതായും കഴിഞ്ഞദിവസം ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനേജ്മെന്റ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാട്ടിയതായും സഹ വിദ്യാര്‍ഥികള്‍ പറഞ്ഞു.
വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളജിലേക്ക് ഇന്നലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രവര്‍ത്തകര്‍ കോളജിലെ ക്ലാസ് മുറികള്‍ അടിച്ചു തകര്ത്തരു. കെ.എസ്.യു, എ.ഐ.എസ്.എഫ് സംഘടനങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് പഠിപ്പു മുടക്കും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."