വെടിയുണ്ടകള്‍ക്കും കഥപറയാനുണ്ട്: എ. വാസു
കോഴിക്കോട്: വെടിയുണ്ടകള്‍ക്കും കഥ പറയാനുണ്ടാകുമെന്ന് എ. വാസു. നിലമ്പൂര്‍ വെടിവയ്പ് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധമുന്നണിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മുന്‍ നക്‌സല്‍ നേതാവ് വികാരധീനനായി ഇക്കാര്യം പറഞ്ഞത്. 1970 ഫെബ്രുവരിയില്‍ വയനാട്ടിലെ തിരുനെല്ലിയില്‍ വര്‍ഗീസും അജിതയും ഉള്‍പ്പെടെയുള്ള നക്‌സല്‍ സംഘത്തെ വേട്ടയാടിയപ്പോഴുണ്ടായ വെടിവയ്പിനെയാണ് വാസു ഓര്‍ത്തെടുത്തത്. വയനാട്ടിലെ തിരുനെല്ലിയില്‍ നിന്ന് വര്‍ഗീസിനെ അറസ്റ്റ് ചെയ്യുകയും പൊലിസ് വെടിവച്ചു കൊല്ലുകയുമായിരുന്നു. അന്ന് പൊലിസില്‍ നിന്നു രക്ഷപ്പെടാനുള്ള പാച്ചിലില്‍ തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്ന് വാസു പറഞ്ഞു.
അജിത, ചേമന്‍ മൂപ്പന്‍, കിസാന്‍ തൊമ്മന്‍, തേറ്റമല കൃഷ്ണന്‍ കുട്ടി തുടങ്ങിയ വര്‍ഗീസിന്റെ സഹപ്രവര്‍ത്തകര്‍ പൊലിസ് വേട്ടയെതുടര്‍ന്ന് ചിതറി ഓടുകയായിരുന്നു. ഓടുന്നതിനിടെ തന്റെ ഇരുവശങ്ങളിലൂടെയും വെടിയയുണ്ടകള്‍ ചീറിപ്പാഞ്ഞ് മണ്ണില്‍ തറഞ്ഞ് പൊടി പാറി. ഒരു ചെറിയ കുന്നുകയറിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. നിലമ്പൂരില്‍ മാവോയിസ്റ്റ് ഗറില്ലാ സംഘത്തെ പൊലിസ് വെടിവച്ചു കൊന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മറ്റുള്ളവരെ അധികൃതര്‍ സമ്മതിച്ചിട്ടില്ല. ബാലസ്റ്റിക് വിദഗ്ധര്‍ക്ക് ഇവിടെ സന്ദര്‍ശിച്ചാല്‍ നിരവധി കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും. വെടിയുണ്ടകള്‍ എവിടെയൊക്കെ പതിച്ചുവെന്നതില്‍ നിന്ന് പല കാര്യങ്ങളും ബോധ്യപ്പെടും. ഇത്തരം ആളുകളെ ഉള്‍ക്കൊള്ളിച്ചുള്ള വസ്തുതാന്വേഷണ സംഘമായിരുന്നു നിലമ്പൂര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ അവരെ അവിടേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും വാസു പറഞ്ഞു. തിരുനെല്ലി കേസില്‍ വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ച ശേഷമാണ് വാസു ഉള്‍പ്പെടെയുള്ളവര്‍ മോചിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."