ഫയലുകള്‍ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട
കണ്ണൂര്‍: പൊലിസിനു ഇനി ഫയലുകള്‍ തിരഞ്ഞ് നടക്കേണ്ട അവസ്ഥ ഉണ്ടാവില്ല. ജില്ലയിലെ പൊലിസ് ഫയലുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്ന നടപടികള്‍ അവസാനഘട്ടത്തില്‍. 2003 മുതലുള്ള ഫയലുകളാണ് കണ്ണൂര്‍ എ.ആര് കാംപില്‍ വച്ച് സമ്പൂര്‍ണമായി ഡിജിറ്റല്വല്ക്കരിക്കുന്നത്. പ്രവൃത്തി ഈമാസം അവസാനത്തോടെ പൂര്‍ണമാവും.
2003 മുതല്‍ 2014 വരെ ജില്ലയിലെ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള രേഖകള്‍ കടലാസില്‍ രേഖപ്പെടുത്തുകയായിരുന്നു. കടലാസ് ഫയലുകള്‍ ഒരു വര്‍ഷമാകുമ്പോഴേക്കും നശിക്കുന്നത് പൊലിസിനെ കുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 2003 വരെയുള്ള ഫയലുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ പൊലിസ് തയാറായത്. നിലവില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഫയലുകള്‍ എഫ്.ഐ.ആര് ഇന്‍ഡക്സ് നോക്കി പലയിടത്തു നിന്നായി തപ്പിയെടുക്കേണ്ട അവസ്ഥയാണ്. പലയിടത്തായി സൂക്ഷിക്കുന്നതിനാല്‍ മിക്ക ഫയലുകളും പൊലിസിനു നഷ്ടപ്പെടുകയും ചെയ്തിരുന്നു.
കോടതികളില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ വാങ്ങി കോപ്പിയെടുത്താണ് ഇപ്പോള്‍ ഡിജിറ്റല്‍വല്‍ക്കരണം സമ്പൂര്‍ണമാക്കുന്നത്. 2003നു മുമ്പുള്ള ഫയലുകള്‍ കോടതികളില്‍ നിന്നു വാങ്ങി പിന്നീട് ഡിജിറ്റല്വല്ക്കരിക്കാമെന്ന തീരുമാനത്തിലാണ് പൊലിസ് മേധാവികള്‍. 2014നു ശേഷം ജില്ലയിലെ പൊലിസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആറുകളടക്കമുള്ള രേഖകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചു തുടങ്ങിയിരുന്നു. എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു 24 മണിക്കൂറിനുള്ളില്‍ പൊലിസ് വെബ്സൈറ്റില്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.
കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള പൊലിസുകാരെയും താല്‍ക്കാലിക ജീവനക്കാരേയും ഉപയോഗിച്ചാണ് കംപ്യൂട്ടര്‍വല്‍ക്കരണം നടത്തുന്നത്. ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ണമാകുന്നതോടെ ഫയലുകള്‍ നഷ്ടമാകില്ലെന്ന വലിയ ആശ്വാസവും പൊലിസിനുണ്ടാവും. കാസര്‍കോട് ജില്ലയിലെ പൊലിസ് രേഖകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം കാഞ്ഞങ്ങാടും കണ്ണൂര്‍ എ.ആര് കാം പിലും നടക്കുന്നുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."