ജില്ലാ കലോത്സവം: വിധി നിര്‍ണയം അട്ടിമറിച്ചതായി ആരോപണം
മലപ്പുറം: തിരൂരില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരങ്ങളുടെ വിധി നിര്‍ണയം അട്ടിമറിച്ചതായി ഒരുവിഭാഗം മത്സരാര്‍ഥികളും രക്ഷിതാക്കളും നൃത്താധ്യാപകരും പത്രസമ്മേളനത്തില്‍ ആരോപിച്ചു. ശാസ്ത്രീയ നൃത്ത ഇനങ്ങളെ കുറിച്ചാണ് ആരോപണം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഈ മത്സരയിനങ്ങളില്‍ വിജയികളെ തെരഞ്ഞടുത്തത്. അര്‍ഹരായവരെ ഒഴിവാക്കി പ്രോഗ്രാം കമ്മിറ്റിയുടെ ചുമതലയുള്ള ചിലഅധ്യാപകരുടെ മക്കള്‍ക്കടക്കം ഒന്നാം സ്ഥാനം നല്‍കി. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും വിധികര്‍ത്താക്കളും ചില നൃത്താധ്യാപകരും ഒത്തുകളിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. ചില നൃത്താധ്യാപകരുടെ കുട്ടികള്‍ക്കു മാത്രം സമ്മാനം ലഭിച്ചതില്‍ ദുരൂഹതയുണ്ട്.
ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ പോലും സംഘാടകര്‍ തയാറായിട്ടില്ല. നിയമപരമായി മുന്നോട്ട് പോകണമെങ്കില്‍ പോലും തെളിവില്ലാത്ത അവസ്ഥയാണ്. വിധി നിര്‍ണയത്തിലെ അപാകതകള്‍ ചോദ്യം ചെയ്തപ്പോള്‍ വളരെ മോശമായാണ് സംഘാടകര്‍ പെരുമാറിയത്. നൃത്തമത്സരങ്ങള്‍ നടക്കുന്നതിനിടെ ഒരു ജഡ്ജ് ഉറങ്ങുന്നതു കണ്ടു പ്രോഗ്രാം കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്കു വിശ്രമിക്കേണ്ടേയെന്ന മറുപടിയാണു ഭാരവാഹികള്‍ തന്നോട് പറഞ്ഞതെന്നു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത 27ഓളം നൃത്തമത്സരാര്‍ഥികളുടെ പരിശീലകനായ ശിഹാബുദ്ദീന്‍ കൂമ്പാറ പറഞ്ഞു.
ചില മത്സരാര്‍ഥികളെ വിജയിപ്പിക്കാനുള്ള നീക്കത്തെ കുറിച്ചു നേരത്തെ തന്നെ മനസിലാക്കിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മത്സരം തുടങ്ങുന്നതിനു മുമ്പു തന്നെ പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിവുള്ള കുട്ടികളെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നും നൃത്താധ്യാപന്‍ ശിഹാബുദ്ദീന്‍ കൂമ്പാറ, മത്സരാര്‍ത്ഥി കെ.പി പ്രജിത്ത്, രക്ഷിതാക്കളായ പത്മഗിരീഷന്‍, വി.പി ബഷീര്‍, കെ.പി ബബിത എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."