മദ്‌റസ ഗ്രാന്റ് തട്ടിപ്പ്: കാന്തപുരം വിഭാഗം നേതാവിനെതിരേ അന്വേഷണമാരംഭിച്ചു
പുത്തനത്താണി: പറവന്നൂര്‍ നജാത്തുല്‍ ഈമാന്‍ മദ്‌റസക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ഗ്രാന്റ് കമ്മിറ്റിയെ അറിയിക്കാതെ വ്യാജ വൗച്ചറുകളും രസീതുകളും ഹാജരാക്കി തട്ടിയെടുത്ത കേസില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. മുന്‍ സെക്രട്ടറിയും എ.പി വിഭാഗം യുവജനസംഘടനയുടെ ജില്ലാ സെക്രട്ടറിയുമായ വി.പി മുഹമ്മദ് ബശീര്‍ എന്ന ബശീര്‍ പറവന്നൂര്‍ മദ്‌റസക്ക് ലഭിക്കേണ്ട ലക്ഷങ്ങള്‍ തട്ടിയെടുത്തതായും ഉന്നതതല അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട്് മഹല്ല് മുതവല്ലി കള്ളിയത്ത് മുഹമ്മദ് അബ്ബാസ് മലപ്പുറം ജില്ലാ പൊലിസ് സൂപ്രണ്ടണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പകഞ്ചേരി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.
പറവന്നൂര്‍ നജാത്തുല്‍ ഈമാന്‍ മദ്‌റസയുടെ മുന്‍ സെക്രട്ടറിയായിരുന്ന ബശീര്‍ 2011-2014 കാലഘട്ടത്തില്‍ മദ്‌റസ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യഭ്യാസത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 5,25,000 രൂപയുടെ ഗ്രാന്റ് കൈവശപ്പെടുത്തി മുതവല്ലിയില്‍ നിന്നും കമ്മിറ്റിയില്‍ നിന്നും മറച്ചുവയ്ക്കുകയുമായിരുന്നു. അധ്യാപകരെ നിയമിച്ചതായും ശമ്പളം നല്‍കിയതായും വ്യാജ രേഖയുണ്ടണ്ടാക്കി പണം കൈക്കലാക്കുകയും വിദ്യാഭ്യാസ ഓഫിസില്‍ സമര്‍പ്പിച്ച ധന വിനിയോഗ സാക്ഷ്യപത്രത്തില്‍ മുതവല്ലിയുടെ ഒപ്പ് വ്യാജമായി ഇടുകയും സീലില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പേരില്‍ കംപ്യൂട്ടറും മറ്റു ഉപകരണങ്ങളും വാങ്ങി മുത്തവല്ലിയുടെ ഉത്തരവാദിത്വത്തിലുള്ള സ്ഥാപനത്തിന് ബാധ്യതവരുത്തുകയും വിവരങ്ങള്‍ മറച്ചുവച്ച് വിശ്വാസവഞ്ചന നടത്തിയെന്ന് കാണിച്ചുമാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."