ഷിഫാനയുടെ ചികിത്സാനിധിയിലേക്കായി ഫാതിമാസ് ബസിന്റെ കാരുണ്യസര്‍വീസ്
അരീക്കോട്: ചെറുവാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫാതിമാസ് ബസ് ഇന്നലെ സര്‍വിസ് നടത്തിയത് കാരുണ്യവഴിയില്‍. കരള്‍രോഗം ബാധിച്ച് ശസ്ത്രക്രിയക്ക് പണമില്ലാതെ വിഷമിക്കുന്ന മൊറയൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ താമസിക്കുന്ന കീരിക്കാടന്‍ ഷിഫാനക്ക് ചികിത്സാനിധിയിലേക്ക് പണം സമാഹരിക്കാനായിരുന്നു ഇന്നലത്തെ ചേവായൂര്‍ സ്വദേശിയുടെ ഉടമസ്ഥയിലുള്ള ബസ് സര്‍വീസ്.
സേവനസന്നദ്ധരായി ബസിലെ നാലു ജീവനക്കാരും ഇന്നലെ കൂലി വാങ്ങാതെ ജോലി ചെയ്തു. സര്‍വിസ് ചികിത്സാസഹായത്തിനുവേണ്ടിയാണെന്നറിഞ്ഞതോടെ നല്ല പ്രതികരണമാണ് യാത്രക്കാരില്‍ നിന്നു ലഭിച്ചതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പതു വരെയുള്ള ഓട്ടത്തിനിടെ 18,850 രൂപയാണ് സമാഹരിക്കാനായത്.
24 കാരിയായ ഷിഫാനക്ക് എല്‍.കെ.ജിയില്‍ പഠിക്കുന്ന ഒരു മകനുമുണ്ട്. കരള്‍ പകുത്തുനല്‍കാന്‍ സഹോദരന്‍ തയാറാണെങ്കിലും ചികിത്സക്കാവശ്യമായ പണവും കാത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുകയാണ് ഷിഫാന. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഭര്‍ത്താവ് റിയാസിന് ചികിത്സക്കാവശ്യമായ പണം കണ്ടെത്താനാവാത്ത അവസ്ഥയാണ്. ഇവരെ സഹായിക്കുന്നതിനായി പി ഉബൈദുല്ല എം.എല്‍.എ രക്ഷാധികാരിയായി ഷിഫാന ചികിത്സാ സഹായസമിതി രൂപീകരിച്ച് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."