വേലായുധന്‍ ഇനി വെളിച്ചത്തിരുന്ന് പൊന്നുരുക്കും
മുല്ലശ്ശേരി: തിരുനെല്ലൂര്‍ തട്ടാന്‍ വേലായുധന്റെ വീട് വൈദ്യുതികരിച്ചതിനാല്‍ ചിമ്മിനി വിളക്കത്തിരുന്നുള്ള ദുരിതപൂര്‍ണമായ ജോലിയില്‍ നിന്ന് മോചനമായി. 91 കാരനായ വേലായുധന്‍ സ്വര്‍ണം വിളക്കിച്ചേര്‍ത്തും വെള്ളി മോതിരം നിര്‍മിച്ചുമാണ് കഴിഞ്ഞു വന്നിരുന്നത്. കണ്ണിന് കാഴ്ചക്കുറവോ, ഇതുവരെ ഒരു മരുന്ന് പോലും കഴിക്കേണ്ടി വരികയോ ചെയ്യാത്ത വേലായുധന്‍ ഭാര്യ മരിച്ച് തനിച്ചായതിനാല്‍ പ്രായാധിക്യത്തിന് പുറമെ കറന്റ് കൂടി ഇല്ലാത്തത് വളരെ ബുദ്ധിമുട്ടിലാക്കി. വാര്‍ഡ് മെമ്പര്‍ ശെരീഫ് ചിറയ്ക്കലിന്റെ ശ്രമഫലമായി സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും വീട് വൈദ്യുതീകരണത്തിന് സാമ്പത്തിക ബുദ്ധിമുട്ട് തടസമായി. ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ പാവറട്ടി കെ.എസ്.ഇ.ബി.യിലെ നല്ലവരായ ജീവനക്കാര്‍ സൗജന്യമായി വീട് വൈദ്യുതീകരിച്ചു കൊടുക്കുകയായിരുന്നു. മരണത്തിന് മുമ്പ് വലിയൊരു ആഗ്രഹമാണ് സഫലമായതെന്ന് വേലായുധന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ വീട് വൈദ്യുതീകരണത്തോടെ മുല്ലശ്ശേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് നൂറ്ശതമാനം വൈദ്യുതീകരണം നടത്തിയ വാര്‍ഡായി മാറിയെന്ന് വാര്‍ഡ് മെമ്പര്‍ ശെരീഫ് ചിറയ്ക്കല്‍ പറഞ്ഞു. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. അസി.എക്‌സികൂട്ടീവ് എഞ്ചിനീയര്‍ റഷീദ്, അസി.എഞ്ചിനീയര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."