കനേഡിയന്‍ മലയാളി വനിതയ്ക്കു ആനയുടെ തൊഴിയേറ്റു പരുക്ക്
കാട്ടാക്കട: കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയ കനേഡിയന്‍ പൗരത്വം ഉള്ള മലയാളി വനിതയ്ക്കു ആനയുടെ തൊഴിയേറ്റു പരുക്ക്.
പാലക്കാട് സ്വദേശിനി സംഗീത (54) യ്ക്കാണ് പരുക്കേറ്റത്. ഇവരുടെ കാലിന് പൊട്ടലുണ്ട്. ഇന്നലെ രാവിലെ10.45 നു ആണ് സംഭവം. വനം വകുപ്പ് സെക്രട്ടറിയുടെ അതിതിഥിയായിഎത്തിയ ഇവര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ താമസിച്ച് ആനകളെ അടുത്തറിയുന്നതിനും പഠനം നടത്തുന്നതിനുമുള്ള ശ്രമത്തിലായിരുന്നു. ഇന്നലെ പാപ്പാന്‍ ആനകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് ഇവര്‍ പൈനാപ്പിള്‍ നല്‍കിയ ശേഷം ഓരോ ആനകെളയും തലോടുകയും ആനകള്‍ക്കൊപ്പം അടുത്തിടപഴകാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റ് ആനകള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം വികൃതിയും അപകടകാരിയുമായ നാലു വയസുകാരന്‍ റാണയുടെ സമീപത്തെത്തി പൈനാപ്പിള്‍ നല്‍കുകയും തലോടുകയും ചെയ്യുന്നതിനിടയില്‍ കുട്ടിയാന ഇവരെ തൊഴിച്ചെറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ആനയുടെ അടുത്ത് പോകരുത് എന്ന പാപ്പാന്മാരുടെ നിര്‍ദേശം അവഗണിച്ചായിരുന്നു ഇവര്‍ ആനയുടെ സമീപത്തു എത്തിയത്. സെക്രട്ടറിയുടെ അതിഥിയായതിനാല്‍ പാപ്പാന്മാര്‍ക്കും ഇവരെ നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ടായിരുന്നു.
തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കു ശേഷം പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."