ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കെണിയില്‍ വീണു
പത്തനാപുരം: മലയോരത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി കറങ്ങി നടന്നിരുന്ന പുലി ഒടുവില്‍ കെണിയില്‍ പെട്ടു. വനംവകുപ്പൊരുക്കിയ കെണിയിലാണ് പുലി അകപ്പെട്ടത്. പത്തനാപുരം ഫോറസ്റ്റ് റേഞ്ചിലെ കടശ്ശേരി സെക്ഷനിലെ പാടം ഇരുട്ടുതറയില്‍ വനംവകുപ്പ് വച്ച കൂട്ടില്‍ പുലര്‍ച്ചെ രണ്ടോടെയാണ് ഏഴ് വയസോളം വരുന്ന പുലി അകപ്പെട്ടത്. നിര്‍ത്താതെ നായകള്‍ കുരക്കുന്നത് കേട്ടെത്തിയ നാട്ടുകാരാണ് പുലി കുടുങ്ങിയത് ആദ്യം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് ജനവാസ മേഖലയോട് ചേര്‍ന്ന ഭാഗത്ത് പുലിയെ കണ്ടതോടെ വനംവകുപ്പ് കൂട് സഥാപിച്ചത്. പുലിയെ കാണാനായി ഇരുട്ടുതറയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ജനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒടുവില്‍ വടം കെട്ടിയാണ് നിയന്ത്രിച്ചത്. തുടര്‍ന്ന് രാവിലെ ഒന്‍പതോടെ സ്ഥലത്തെത്തിയ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ സി എസ് ജയകുമാറിന്റെ നേതൃത്വത്തിലുളള സംഘം പ്രാഥമിക പരിശോധനയ്ക്കായി പുലിയെ കറവൂരിലെ വനംവകുപ്പ് ഓഫിസിന് സമീപം കൊണ്ടുവന്നു. പുലിക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലന്ന് പരിശോധനയില്‍ ബോധ്യപ്പെട്ട ശേഷം അച്ചന്‍കോവില്‍ ഡിവിഷനിലെ കല്ലാര്‍ വനമേഖലയിലെ ഉള്‍വനത്തില്‍ തുറന്ന് വിട്ടതായി പുനലൂര്‍ ഡി.എഫ്.ഒ ടി സിദ്ധിഖ് പറഞ്ഞു. പത്തനാപുരം റേഞ്ച് ഓഫിസര്‍ സി കെ ജോണ്‍സണ്‍, അഞ്ചല്‍ റേഞ്ച് ഓഫിസല്‍ ജയന്‍ വനം വകുപ്പ് ജീവനക്കാരായ സി രാജക്കുട്ടി, അജയന്‍ ,അഭിലാഷ്, പ്രസന്നന്‍ എന്നിവര്‍ പുലിയെ പിടികൂടുന്നതിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."