കിണറ്റില്‍ കണ്ടെത്തിയ അഞ്ജാത മൃതദേഹം; ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക്ക് ലാബിലേക്കയച്ചു
കൊല്ലം: നഗരമധ്യത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റിനു സമീപം സ്വകാര്യ ഹോട്ടലിനു പിന്നില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയ അഞ്ജാത മൃതദേഹം ഡി.എന്‍.എ ടെസ്റ്റുള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കയച്ചു. മരിച്ചയാളിനെ തിരിച്ചറിയുന്നതിലേക്കായി അടുത്ത ബന്ധുക്കളുടെ രക്ത സാമ്പിളുകള്‍ ശേഖരിക്കും. മരിച്ചശേഷം മൃതദേഹം കിണറ്റില്‍ തള്ളിയതാണോ മറിച്ചു കിണറ്റില്‍ വീണശേഷം മരണം സംഭവിച്ചതാണോ എന്നു തിരിച്ചറിയാന്‍ ആമാശയത്തില്‍ നിന്നും ജലാംശം എടുത്തുള്ള പരിശോധനയായ ഡയാറ്റം നടത്തും. സമീപത്തെ വീട്ടില്‍ നിന്നും ഒരുമാസം മുമ്പു കാണാതായ വൃദ്ധന്റെ മൃതദേഹമാണോ ഇതെന്നുള്ള സംശയത്താല്‍ ബന്ധുക്കളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞു.
ഏകദേശം ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം തിരിച്ചറിയാനാകാത്ത വിധം അഴുകി പുഴുവരിച്ച നിലയിലാണ് കിണറ്റില്‍ കണ്ടെത്തിയിട്ടുള്ളത്. മൃതദേഹത്തിനു പ്രായം 55 വയസുതോന്നിക്കും. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്നു പരിസരവാസികളാണു വിവരം പൊലിസിലറിയിച്ചത്. മൃതദേഹം കിടന്ന കിണറ്റില്‍ അഞ്ചടിയില്‍ ഏറെ വെള്ളമുണ്ട്. കിണറിനോടുചേര്‍ന്നു വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ വാതിലുകളെല്ലാം തകര്‍ത്ത നിലയിലാണ്. മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമാണിവിടം. ഈ വീട്ടിലേക്കുള്ള വഴിമുഴുവന്‍ ഒഴിഞ്ഞ മദ്യകുപ്പികളുടെ കൂമ്പാരമാണ്. നഗര പരിസരങ്ങളിലെ മാലിന്യം മുഴുവന്‍ ഇവിടാണ് തള്ളാറുള്ളത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ഈ വീട്ടില്‍ മദ്യപാനികള്‍ തമ്പടിക്കാറുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."