HOME
DETAILS

ഊര്‍ജ്ജസ്വലതയുടെ ആള്‍രൂപം

  
backup
January 10 2017 | 13:01 PM

bappu-musliyar-story-by-navas-remembering

തീവ്രദു:ഖത്തിന്റെ തീപ്പൊരിയേറ്റ് എന്റെ മനസ് പൊള്ളുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. നവംബര്‍ 16നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയായിക്കാണും ഉസ്താദിനെ മിംസ് ആശുപത്രിയിലെ റൂമില്‍ സന്ദര്‍ശിച്ചു. കട്ടിലില്‍ ചാരിയിരിക്കുന്ന ഉസ്താദ് കണ്ടപ്പോള്‍ കൈനീട്ടി. അടുത്തെത്തി സലാം പറഞ്ഞു. 'എ.പി ഉസ്താദിന്റെ വാര്‍ത്ത നന്നായി കൊടുത്തോ'? ഉസ്താദ് സംസാരിച്ചു തുടങ്ങി.

സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ ഉസ്താദിന്റെ മരണവിവരം ബാപ്പു ഉസ്താദിനെ മാനസികമായി തളര്‍ത്തി എന്നു ബോധ്യമായി. 'വാര്‍ത്ത നന്നായി കൊടുത്തു. സുപ്രഭാതം സ്‌പെഷല്‍ അടിച്ചു. ഞങ്ങളൊക്കെ അവിടെയുണ്ടായിരുന്നു'. 'പത്രം ഞാന്‍ കണ്ടില്ല'. 'ഞാന്‍ സലാമിന്റെ (ഉസ്താദിന്റെ ജാമാതാവ്) കൈയില്‍ കൊടുത്തയക്കാം'. വീണ്ടും ഉസ്താദ് സംസാരിക്കാനുള്ള ഒരുക്കം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഉസ്താദ് സംസാരിക്കേണ്ട. വിവരമൊക്കെ ഞങ്ങള്‍ അറിയുന്നുണ്ട്'. അബ്ദുറഹ്മാനുമായി എപ്പോഴും ബന്ധപ്പെടുന്നുണ്ട്'. അബ്ദുറഹ്മാന്‍ (മകന്‍ ഡോ. അബ്ദുറഹ്മാന്‍) പുറത്തെവിടെയോ ഉണ്ട്. മോളും ഭാര്യയും മാത്രമാണ് റൂമിലുള്ളത്.
പത്തു മിനിറ്റ് ഉസ്താദിന്റെ കൂടെ നിന്നു, കണ്ണു നിറയുന്നത് ഉസ്താദ് കാണാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. 'ജുമുഅക്കു സമയമായില്ലേ, നവാസ് പോയ്‌ക്കോ, ദുആ ചെയ്താല്‍ മതി'. പുറത്തിറങ്ങിയപ്പോഴേക്കും നിയന്ത്രണംവിട്ട് കണ്ണ് നിറഞ്ഞൊഴുകി.


അഞ്ചുമണി കഴിഞ്ഞപ്പോള്‍ സലാം വിളിച്ചു പറഞ്ഞു: 'ബാപ്പയെ വീണ്ടും ഐ.സി.യുവിലേക്കു മാറ്റി'. ഉടന്‍ ഞാനും സുപ്രഭാതം ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്മാനും ആശുപത്രിയിലേക്ക്. പി.ആര്‍.ഒ സി.പി ഇഖ്ബാല്‍ ഇടയ്ക്കിടെ വിളിച്ച് വിവരം തന്നുകൊണ്ടിരുന്നു. ആശുപത്രിയില്‍ മക്കളും മരുമക്കളും. അവര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സല്‍മാനെ വിളിച്ചു. ഐ.സി.യുവില്‍ പോയി ഞങ്ങള്‍ ഉസ്താദിനെ കണ്ടു. അവിടെ ഡോക്ടര്‍മാരുടെ മുറിയിലിരുന്നു, 30 മിനിറ്റിലേറെ ഡോക്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ചുതന്നു. ഉസ്താദിന്റെ ഹൃദ്രോഗത്തിന് ചികിത്സിച്ചിരുന്ന എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോ. എബ്രഹാമുമായി ഫോണില്‍ സംസാരിച്ചു. മെഡിക്കല്‍ ഹെഡ് ഡോ. ഹംസയുമായും ബന്ധപ്പെട്ടു. ഹൈദരലി തങ്ങളും എം.സി മായിന്‍ ഹാജി, ക്രസന്റിലെ പി.കെ മുഹമ്മദ് എന്നിവരെത്തി. തങ്ങളും ഉസ്താദിനെ കണ്ടു ദുആ ചെയ്തു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ചേര്‍ന്നു. മനമില്ലാ മനസോടെ തീരുമാനിച്ചു, വെന്റിലേറ്ററിലേക്കു മാറ്റുകയെന്ന്.


ബാപ്പു ഉസ്താദുമായുള്ള സ്‌നേഹബന്ധത്തിനു കാല്‍നൂറ്റാണ്ടിലേറെ പഴക്കം. ചന്ദ്രിക പത്രാധിപരായിരുന്നപ്പോള്‍ ഉസ്താദിനെ കണ്ട് സംസാരിച്ചിരുന്നു. പിന്നെ ഇടയ്ക്കിടെ വിളിക്കും. ചന്ദ്രികയില്‍നിന്നു 2012 നവംബര്‍ 30ന് വിരമിച്ചപ്പോള്‍ ഉസ്താദ് വിളിച്ചു. കുറച്ച് മാസങ്ങള്‍ക്കു ശേഷം നാസര്‍ ഫൈസി കൂടത്തായി വിളിച്ച് ഉസ്താദിനു ഫോണ്‍ കൊടുത്തു. 'നവാസ് എവിടെയാ ഉള്ളത്. ഒന്നു കാണാന്‍ വന്നോട്ടെ'. മാന്യതയില്‍ മുക്കിയെടുത്ത വാചകം തീരുംമുന്‍പ് ഞാന്‍ പറഞ്ഞു: 'വേണ്ട, ഉസ്താദ് എവിടെയാണെന്നറിഞ്ഞാല്‍ ഞാന്‍ അങ്ങോട്ടു വരാം'. 'എന്നാല്‍ ഇന്ന് വേണ്ട, അടുത്ത ശനിയാഴ്ച 11 മണിക്ക് ഒന്ന് സമസ്തയില്‍ വരൂ'.
ശനിയാഴ്ച ഫ്രാന്‍സിസ് റോഡ് ഓഫിസിലെത്തി. വിദ്യാഭ്യാസ ബോര്‍ഡ് യോഗം നടക്കുന്നു. എത്തിയ വിവരമറിഞ്ഞ് എന്നെ അകത്തേക്കു വിളിച്ചു.

 

പണ്ഡിതന്മാരുടെ കൂട്ടായ്മയില്‍ കയറിച്ചെന്നപ്പോള്‍ ഉള്ളൊന്നു പിടച്ചു. ഉസ്താദിന്റെ അടുത്ത സീറ്റില്‍ ഇരുത്തി. സമസ്ത പ്രസിഡന്റ് കോയക്കുട്ടി ഉസ്താദും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി ഉസ്താദും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ഉസ്താദ് എല്ലാവര്‍ക്കുമായി എന്നെ പരിചയപ്പെടുത്തി. എന്നിട്ടു പറഞ്ഞു: 'ഞങ്ങള്‍ ഒരു പത്രം തുടങ്ങുന്നു, നിങ്ങളുടെ അഭിപ്രായം തുറന്നുപറയണം'. ഇരുന്നു പറയാതെ പണ്ഡിതന്മാരുടെ മുന്‍പില്‍ എഴുന്നേറ്റു നിന്ന് ഞാന്‍ സംസാരിച്ചുതുടങ്ങി. പത്രം തുടങ്ങുന്നതിന്റെ പ്രതികൂല വശങ്ങളാണ് ഞാന്‍ പറഞ്ഞതൊക്കെ. 'പത്രം തുടങ്ങാന്‍ എളുപ്പമാണ്. അതു പിടിച്ചുനിര്‍ത്താനാണ് പ്രയാസം. സമസ്തയ്ക്ക് വലിയ നെറ്റ്‌വര്‍ക്കുണ്ട്'. ആരോ ഇടയ്ക്ക് പറഞ്ഞു: 'സത്യമാവും, പക്ഷെ, ഇന്ത്യയിലെ ഏറ്റവും വലിയ കക്ഷി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണല്ലോ, അത്രയും ആളുകള്‍ ഏതായാലും നമുക്കില്ലല്ലോ. പക്ഷെ, കോണ്‍ഗ്രസിന്റെ പത്രം ഒരു സംസ്ഥാനത്തും രക്ഷപ്പെട്ടിട്ടില്ല'.

 


ഭീമമായ സാമ്പത്തിക വശം പറഞ്ഞപ്പോഴും സമസ്തയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ഒരാള്‍ ശ്രദ്ധയില്‍പെടുത്തി. നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ മുതല്‍ ഇന്ത്യയിലെ വന്‍ പണച്ചാക്കുകള്‍ വരെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ കാര്യം പറഞ്ഞു. 'കേരളത്തില്‍ തന്നെ ഈനാട് മുതല്‍ മെട്രോ വാര്‍ത്ത വരെയുള്ള പത്രങ്ങളുടെ പിന്നിലും വന്‍ മുതലാളിമാരായിരുന്നുവല്ലോ'.
എന്റെ സംസാരം നീണ്ടുപോയി, പ്രസംഗരൂപത്തിലായിപ്പോയി. ഇടയ്ക്കു കയറി ഉസ്താദ് പറഞ്ഞു: 'ഇതിന്റെ പ്രയാസങ്ങള്‍ അണിനിരത്താനല്ല നിങ്ങളെ വിളിച്ചത്, ഞങ്ങള്‍ തുടങ്ങുന്ന പത്രത്തില്‍ സഹകരിക്കുമോ എന്നറിയാനാണ്'. 'നിങ്ങളുടെ വിശ്വാസം തകര്‍ക്കാനല്ല ഇതൊക്കെ പറയുന്നത്. ബഹുമാനപ്പെട്ട ഉസ്താദുമാരുടെ ശ്രദ്ധ ക്ഷണിക്കാനാണ്. പിന്നെ എനിക്കു പരിചയമുള്ള ഏക ജോലി ഇതാണല്ലോ. ഉസ്താദ് അനുവദിച്ചാല്‍ സഹകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ'.

 


'എങ്കില്‍ നിങ്ങള്‍ വിശദമായി ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് കൊണ്ടുവരൂ'. പറഞ്ഞദിവസം തന്നെ ഞാന്‍ പ്രൊജക്ട് റിപ്പോര്‍ട്ട് എത്തിച്ചു. അതിന്റെ കോപ്പി ഉസ്താദിനും ചെറുശ്ശേരി ഉസ്താദിനും ആലിക്കുട്ടി ഉസ്താദിനും നല്‍കി. അങ്ങനെ എന്നെ അഡ്മിനിസ്‌ട്രേറ്ററായി പ്രഖ്യാപിച്ചു.


പിണങ്ങോടും സി.പി ഇഖ്ബാലും അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസും സൗകര്യങ്ങളും തയാറാക്കിത്തന്നു. ഓഫിസിലേക്ക് ആദ്യത്തെ സഹായിയായി ചേളാരിയില്‍ നിന്നു സുഹൈല്‍ ദാരിമിയെ തന്നു. അവിടെ തുടങ്ങുന്നു ഉസ്താദുമായുള്ള ഹൃദയബന്ധം. മറ്റ് ആവശ്യങ്ങള്‍ക്കൊക്കെ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെയും ഹംസക്കോയെയും ബന്ധപ്പെടാന്‍ പറഞ്ഞു.

 


എന്റെ അഭ്യര്‍ഥന മാനിച്ച് പത്രം തുടങ്ങാന്‍ നേരത്തെ നിശ്ചയിച്ച തിയതി (2013 നവംബര്‍ 1) മാറ്റി 2014 സെപ്റ്റംബര്‍ ഒന്നാക്കി. അതിനിടയില്‍ പ്രസ്സും പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്റ്റാഫും റെഡിയായി. ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി മുസ്തഫ മുണ്ടുപാറയെ നിയമിച്ചു. കാര്യങ്ങള്‍ക്ക് വേഗത കൂടി. മിടുക്കനായ ഒരു പത്രപ്രവര്‍ത്തകനെക്കൂടി കണ്ടുപിടിക്കാന്‍ ഉസ്താദ് എന്നെ ഏല്‍പ്പിച്ചു. എക്‌സിക്യുട്ടീവ് എഡിറ്ററായി എ. സജീവന്‍ ചുമതലയേറ്റു. സര്‍വശക്തന്റെ അനുഗ്രഹത്തോടെ 2014 സെപ്റ്റംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 'സുപ്രഭാതം'പുറത്തിറക്കി. മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. എന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റി. ഞാന്‍ നല്‍കിയ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ ഒരു ലക്ഷം കോപ്പിയിലെങ്കിലും തുടങ്ങാന്‍ കഴിയണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. തുടക്കത്തില്‍തന്നെ അതിന്റെ ആറിരട്ടിയോളം പത്രം ഇറക്കാനായി എന്നതു മഹാത്ഭുതം. മൂന്നു എഡിഷന്‍ പ്ലാന്‍ ചെയ്തതു ആറ് എഡിഷനായി മാറിയത് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഒരു വന്‍ റെക്കോര്‍ഡ്.


ഇതിനായി അര്‍പ്പിച്ചിറങ്ങിയ മദ്‌റസാ മുഅല്ലിംകളുടെ, സമസ്തയുടെ മറ്റു പോഷക സംഘടനകളുടെ, സുപ്രഭാതം ജീവനക്കാരുടെയെല്ലാം നിസ്വാര്‍ഥ പ്രവര്‍ത്തനത്തെ ചെറുതായി കാണുകയല്ല. പക്ഷെ, ഈ മഹാവിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഒരു സംശയവും വേണ്ടാ, ഞങ്ങള്‍ അഭിമാനപൂര്‍വം ചാര്‍ത്തിക്കൊടുക്കുന്നത് ആദരണീയനായ കോട്ടുമല ബാപ്പു ഉസ്താദിനു തന്നെയാണ്.


അനാവശ്യമായോ വഴിവിട്ടോ ഉസ്താദ് ഇടപെടാറില്ല. ഒരു ഉദാഹരണം കാണൂ. പത്ര പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഒരു ഐ.ടി എന്‍ജിനിയറെ കിട്ടി. ഒരാള്‍കൂടി വേണം. വന്നവരെയൊന്നും എനിക്കും മുസ്തഫ മാസ്റ്റര്‍ക്കും തൃപ്തിയായില്ല. വിവരം ഉസ്താദിന്റെ ശ്രദ്ധയില്‍പെടുത്തി. ഉസ്താദ് പറഞ്ഞു: 'എന്റെ ഒരു മരുമകനുണ്ട്, മകളുടെ ഭര്‍ത്താവ.്  വന്നു കാണാന്‍ പറയാം. പറ്റുമെങ്കില്‍ മാത്രമേ എടുക്കാവൂ'. അടുത്തദിവസം അദ്ദേഹത്തിന്റെ മരുമകന്‍ വന്നു കണ്ടു. ഞങ്ങള്‍ ഇന്റര്‍വ്യൂ ചെയ്തു. മിടുക്കന്‍, നിയമനം നടത്തി. ഞങ്ങളെ അത്ഭുതപ്പെടുത്തി ചെയര്‍മാന്റെ നിലപാട്. യോഗ്യനായ സ്വന്തം മരുമകനുള്ള കാര്യം പോലും പറയാതെ മറച്ചുവയ്ക്കുകയും നിര്‍ബന്ധ സാഹചര്യത്തില്‍ പറയുകയും യോഗ്യതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് നിര്‍ദേശിക്കുകയും ചെയ്ത മഹാമനീഷി. ഇങ്ങനെ എത്ര ചെയര്‍മാന്‍മാരുണ്ടാകും.


ഇങ്ങനെയാണ് ഓരോ കാര്യവും. ഒരു പരസ്യം. പരസ്യത്തിന്റെ ചാര്‍ജ് വളരെ കുറവായതിനാല്‍ ഞാനതു നിര്‍ത്തി. ഉസ്താദുമായി വളരെ ആത്മബന്ധമുള്ള അതിന്റെ എം.ഡി ഉസ്താദിനെ വിവരം അറിയിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞൈത്രെ: 'ഞാനതില്‍ ഇടപെടില്ല, അത് നവാസ് തീരുമാനിക്കേണ്ടതാണ്'.
മറ്റു പത്രങ്ങളില്‍ നിന്നെല്ലാം മിടുക്കരായ പത്രപ്രവര്‍ത്തകരെ കൊണ്ടുവരാന്‍ ഉസ്താദ് അനുവദിച്ചു. പുതിയ 33 കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നടത്താനും അനുവദിച്ചു. പത്രം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞില്ല. ഒരു സഹപത്രാധിപന്‍ അല്‍പ്പം വഴിവിട്ട് കളിക്കുന്നു, ഒരു നല്ല വിശ്വാസിയുടെ വേഷവിധാനമുള്ള ഇയാള്‍ ഇടയ്ക്ക് കമ്മ്യൂണല്‍ കാര്‍ഡിറക്കുന്നു. ഒരുദിവസം മെസ് ഹാളില്‍ നിന്നു ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടയില്‍ ആ കുട്ടി ഉസ്താദിനോടു സലാം പറഞ്ഞ് പുറത്തേക്കിറങ്ങി. കൈ കഴുകാന്‍ പോകുമ്പോള്‍ ഉസ്താദ് പറഞ്ഞു: 'ആ കുട്ടിയെ വേണ്ട. അവനെ ഒഴിവാക്കിക്കളയൂ'. 'പെട്ടെന്ന് എങ്ങനെ ഒഴിവാക്കും. നമുക്ക് എങ്ങോട്ടെങ്കിലും സ്ഥലം മാറ്റാം'. 'അതുപോര, ഒഴിവാക്കണം' കാര്യങ്ങള്‍ മനസിലാക്കിയതു കൊണ്ടാവാം കര്‍ക്കശമായ സ്വരത്തില്‍ ഉസ്താദ്. കൈ കഴുകിക്കഴിഞ്ഞപ്പോള്‍ പുറത്ത് ആ കുട്ടി കാത്തിരിക്കുന്നു. എന്റെ നേരെ ഒരു കടലാസ് നീട്ടി അവന്‍ പറഞ്ഞു: 'സാര്‍, എന്റെ രാജിക്കത്താണ്'. ഞാന്‍ കത്തു വാങ്ങി, ഉസ്താദിന്റെ ശ്രദ്ധയില്‍പെടുത്തി. മൂന്നുനാലു മിനിറ്റുകളില്‍ സംഭവിച്ച ഈ അനുഭവത്തെ ഞാന്‍ കറാമത്തെന്നു വിളിച്ചോട്ടെ.

 

സമസ്തയ്ക്കും ഉസ്താദിനും പത്രം ഒരു പുതിയ അനുഭവമാണല്ലോ. പക്ഷെ, ഉസ്താദ് ഓരോ കാര്യവും എളുപ്പം പഠിക്കുമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും സാമാന്യഗ്രാഹ്യം ഉണ്ടായിരുന്നു. വെബ് ഓഫ്‌സെറ്റ് പ്രസിനെക്കുറിച്ച്, ന്യൂസ്‌റാപ്പിനെക്കുറിച്ച്, സി.ടി.പിയെക്കുറിച്ച് എന്തിന് എഡിറ്റിങ്ങിനെക്കുറിച്ചു പോലും. പത്രം ഉദ്ഘാടനത്തിന്റെ ദിവസം മുഖപ്രസംഗമെഴുതാന്‍ അദ്ദേഹം പറഞ്ഞു. ചെയര്‍മാന്റെ പേരിലാവണം മുഖപ്രസംഗം എന്നു ഞങ്ങള്‍. മുഖപ്രസംഗം തയാറാക്കി കാണിച്ചുകൊടുത്തു. അത് കുറേക്കൂടി നന്നാക്കി അദ്ദേഹം അപ്പോള്‍തന്നെ തിരിച്ചുതന്നു.

 


ഏതു സദസിലും അഭിമാനപൂര്‍വം നമുക്ക് അവതരിപ്പിക്കാനാവുന്ന വ്യക്തിത്വമായിരുന്നു ബാപ്പു ഉസ്താദ്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍പോലും അദ്ദേഹം കേരളത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധേയമായ രീതിയില്‍ അവതരിപ്പിച്ചിരുന്നതായി ഒരിക്കല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഓര്‍ക്കുന്നു. എം.ഇ.എ കോളജിന്റെ വിജയശില്‍പ്പിയും അദ്ദേഹം തന്നെ.

ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍. എഴുതിയാല്‍ തീരാത്ത ഓര്‍മകള്‍, തോരാത്ത എന്റെ കണ്ണുകള്‍ ഞാന്‍ തുടച്ചോട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago