പിതാവിന്റെ കൈപിടിച്ച് വൈജ്ഞാനിക യാത്ര
മലപ്പുറം: അറിവിന്റെ ലോകത്തേക്ക് ബാപ്പു മുസ്‌ലിയാരെ പാകപ്പെടുത്തിയത് പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ പഠനകളരി. പിതാമഹനും സൂഫീവര്യനുമായ മര്‍ഹൂം അബ്ദുല്‍ അലികോമു മുസ്‌ലിയാരുള്‍പ്പെടെ സമുന്നത പണ്ഡിതരിലൂടെ ദര്‍സ് പാരമ്പര്യമുള്ള പനയത്തില്‍ പള്ളിദര്‍സിലാണ് പിതാവിന്റെ ശിക്ഷണത്തില്‍ ബാപ്പു മുസ്‌ലിയാര്‍ ദര്‍സ് പഠനം തുടങ്ങുന്നത്. 'മുതഫരിദ് ' ഓതിക്കൊടുത്ത് ഉപ്പ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിക്കൊടുത്തതാണ് ആ വിജ്ഞാന യാത്ര.
സ്വദേശമായ കാളമ്പാടിയിലെ മദ്‌റസത്തുല്‍ ഫലാഹിയ്യയിലായിരുന്നു മതപഠനത്തിനു തുടക്കംകുറിച്ചത്. മൊയ്തീന്‍ മൊല്ലയായിരുന്നു അവിടെ പ്രധാന അധ്യാപകന്‍. മലപ്പുറം എല്‍.പി സ്‌കൂളിലും നാലുവര്‍ഷം പഠിച്ചു. തുടര്‍ന്നു പതിനൊന്നാം വയസിലാണ് ഉപ്പയുടെ ദര്‍സിലെത്തിയത്. ഒരു വര്‍ഷത്തിനു ശേഷം ബാഫഖീ തങ്ങളുടെ നിര്‍ദേശപ്രകാരം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ജാമിഅ നൂരിയ്യയിലേക്ക് അധ്യാപകനായി മാറി. സമസ്തക്കുകീഴില്‍ ഉന്നത മതപഠനകേന്ദ്രമായി ജാമിഅ സ്ഥാപിതമായ ഘട്ടമായിരുന്നു അത്. പന്ത്രണ്ട് വയസു പ്രായമുള്ള ബാപ്പു മുസ്‌ലിയാരും പിതാവിന്റെ കൈപിടിച്ച് ജാമിഅ നൂരിയ്യയിലെത്തി.
ജാമിഅ ക്ലാസിലിരിക്കാന്‍ പ്രായമാവുകയോ ഉന്നത കിതാബുകള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ലാത്ത കാലം. പിതാവിന്റെ ജാമിഅയിലെ റൂമിലിരുന്ന് അദ്ദേഹം പിതാവില്‍നിന്നു തന്നെ കിതാബുകളോതിപ്പഠിച്ചു. 'അല്‍ഫിയ്യ', 'ഫത്ഹുല്‍ മുഈന്‍' തുടങ്ങി നിരവധി കിതാബുകള്‍ ഈ കാലയളവില്‍ പഠിച്ചു. പകല്‍ സമയങ്ങളില്‍ പട്ടിക്കാട് സ്‌കൂളിലും പോയി പഠനം നടത്തി. ജാമിഅയുടെ പ്രധാന വാഖിഫ് ബാപ്പു ഹാജിയുടെ വീട്ടിലായിരുന്നു മൂന്നുനേരവും ഭക്ഷണം. കിടത്തം ഉപ്പയോടൊപ്പവും. ശംസുല്‍ ഉലമാ ഉള്‍പ്പെടെ സമുന്നത പണ്ഡിതന്മാര്‍ ഇതേ കാലയളവില്‍ ജാമിഅയില്‍ അധ്യാപകരായിരുന്നതിനാല്‍ ചെറുപ്പത്തിലേ അവരുമായി ബന്ധം സ്ഥാപിക്കാനും ഇത് അവസരമൊരുക്കി.
ഫൈസാബാദില്‍ ചെലവിട്ട രണ്ടു വര്‍ഷത്തിനുശേഷം മേല്‍മുറി ആലത്തൂര്‍പടി ദര്‍സില്‍ പോയി. മര്‍ഹും കെ.കെ അബൂബക്കര്‍ ഹസ്രത്തായിരുന്നു അവിടെ ഉസ്താദ്. അദ്ദേഹം പിന്നീട് പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ കൂടെപ്പോയി. രണ്ടുവര്‍ഷം അന്‍വരിയ്യയിലും തുടര്‍ന്നുപഠിച്ചു. കെ.കെ ഹസ്രത്തായിരുന്നു കോളജ് പ്രിന്‍സിപ്പല്‍. വല്ലപ്പുഴ ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, കോക്കൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവരും അന്‍വരിയ്യയില്‍ വച്ചു ഗുരുനാഥന്മാരായി. 'മഹല്ലി' ഒന്നാം ഭാഗം, 'മുഖ്തസ്വര്‍', 'ജലാലൈനി', 'മിശ്കാത്ത് ', 'ശറഹുത്തഹ്ദീബ് ' എന്നീ കിതാബുകള്‍ പൂര്‍ത്തിയാക്കി ഓതിയത് അവിടെ നിന്നാണ്.
രണ്ടുവര്‍ഷത്തിനു ശേഷം 1971ല്‍ വീണ്ടും ജാമിഅ നൂരിയ്യയിലെത്തി. ഇത്തവണ ജാമിഅയിലെ ആറാം ക്ലാസില്‍ വിദ്യാര്‍ഥിയായാണു ചേര്‍ന്നത്. ആറും ഏഴും ക്ലാസുകളും പിന്നീട് മുതവ്വല്‍ രണ്ടുവര്‍ഷവുമാണ് ജാമിഅയിലെ ക്ലാസുകള്‍. നാലുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 1975ലാണ് ബാപ്പു മുസ്‌ലിയാര്‍ ഫൈസി ബിരുദം നേടി പുറത്തിറങ്ങിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ അദ്ദേഹത്തിന്റെ സതീര്‍ത്ത്യനായിരുന്നു. ഇക്കാലയളവില്‍ ഒരു മുറിയിലായിരുന്നു ഇരുവരുടെയും താമസം. കിതാബ് പരസ്പരം അര്‍ഥംവച്ച് ഓതിപ്പഠിച്ചിരുന്നതും തങ്ങളും ബാപ്പു മുസ്‌ലിയാരും ചേര്‍ന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."