'സുപ്രഭാത'ത്തിന്റെ തിളക്കവുമായി ആ കണ്ണുകള്‍
കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരെ ആദ്യമായി അടുത്തുകണ്ട രംഗം ഇന്നും തെളിവോടെ ഓര്‍മയിലുണ്ട്. സുപ്രഭാതം ദിനപത്രത്തിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലരോടൊപ്പം അന്നത്തെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസില്‍ മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂരിന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. അന്ന് ആ മുറിയിലുണ്ടായിരുന്ന മുഴുവനാളുകളുടെയും മുഖം ഓര്‍മിച്ചെടുക്കാനാവുന്നില്ല. എന്നാല്‍, ബാപ്പു മുസ്‌ലിയാരുടെ കണ്ണുകളിലെ സ്‌നേഹപ്രകാശം മനസ്സിന്റെ ഭിത്തിയില്‍ ഒരിക്കലും മായ്ക്കാനാവത്തവിധം തെളിഞ്ഞിരിപ്പുണ്ട്.
ഞാനെങ്ങനെ 'സുപ്രഭാത'ത്തിലെത്തി എന്ന ചോദ്യത്തിനു പറയാവുന്ന രണ്ടുമൂന്ന് ഉത്തരങ്ങളില്‍ ഒന്ന് ആ ഹൃദയംകവരുന്ന, ആത്മവിശ്വാസം നിറഞ്ഞുനില്‍ക്കുന്ന പ്രകാശപൂരിതമായ കണ്ണുകളായിരുന്നു. നൂറ്റാണ്ടു തികച്ച 'കേരളകൗമുദി'യില്‍ എം.എസ് മണിയെന്ന പത്രാധിപപ്രതിഭയുടെ ശിഷ്യനായി കാല്‍നൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ചയാള്‍, 'മംഗള'ത്തില്‍ സര്‍വസ്വാതന്ത്ര്യത്തോടെ എഡിറ്റോറിയല്‍ വിഭാഗം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നയാള്‍ എന്തിനു പുതിയൊരു പത്രത്തില്‍ ഭാഗ്യപരീക്ഷണം നടത്തുന്നുവെന്നു ചോദിച്ച എത്രയോ സുഹൃത്തുക്കളുണ്ട്.
പക്ഷേ, എനിക്ക് ഉറപ്പുണ്ടായിരുന്നു, 'സുപ്രഭാതം' പരാജയമാകില്ലെന്ന്. അതിനു കാരണം, 'സുപ്രഭാതം' ചെയര്‍മാനായ കോട്ടുമല ബാപ്പു മുസ്്‌ലിയാരുടെ വാക്കിലും നോക്കിലുമുള്ള ആത്മവിശ്വാസമായിരുന്നു. പത്രം തുടങ്ങിയെന്നു വരുത്താനല്ല, മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ നാഴികക്കല്ല് സൃഷ്ടിക്കാന്‍ തന്നെയാണ് താനും സഹപ്രവര്‍ത്തകരും ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ അദ്ദേഹം പറയാതെ ബോധ്യപ്പെടുത്തുകയായിരുന്നു.
ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍പോകുന്ന ഒരു പത്രത്തിന്റെ മുഖ്യശില്‍പ്പികളിലൊരാളാകാന്‍ കിട്ടുന്ന അവസരം എന്തിനു കളഞ്ഞുകുളിക്കണമെന്ന് മനസുചോദിച്ചു. ആ കൂടിക്കാഴ്ചയില്‍ അവരോട് അവസാന തീരുമാനം അറിയിച്ചില്ലെങ്കിലും 'സുപ്രഭാത'ത്തിന്റെ പടികള്‍ തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ മനസില്‍ ഒരു കാര്യം തീരുമാനിച്ചിരുന്നു, സുപ്രഭാതം പിറവിയെടുക്കുന്നത് എന്റെ കൂടി മുഖ്യപങ്കോടുകൂടിയായിരിക്കും. ആ തീരുമാനത്തിനു പിറകിലെ മുഖ്യപ്രചോദനം ബാപ്പു മുസ്‌ലിയാരുടെ വാക്കും നോക്കും തന്നെയായിരുന്നു.
കുറേനാളായി കോട്ടയത്തായിരുന്നതിനാല്‍ കോഴിക്കോട്ടുനിന്നു 'സുപ്രഭാത'മെന്ന പേരില്‍ പുതുതായി ഒരു പത്രം പ്രസിദ്ധീകരിക്കാന്‍ പോകുന്ന കാര്യം അറിഞ്ഞിരുന്നില്ല. മൂന്നുനാലു ദിവസത്തെ അവധിക്കു നാട്ടിലെത്തി ടൗണിലേക്കു പോകുന്നതിനിടയിലാണ് ബഹുമാന്യസുഹൃത്ത് നവാസ് പൂനൂരിന്റെ ഫോണ്‍കോള്‍ കിട്ടുന്നത്. 'ഞങ്ങള്‍ ഒരു പുതിയ പത്രം തുടങ്ങാന്‍ പോകുന്നുണ്ട്. അത് എങ്ങനെയൊക്കെയാവണമെന്നതിനെക്കുറിച്ചു സംസാരിക്കാനാണ്. കോഴിക്കോട്ടെത്തുമ്പോള്‍ ഒന്ന് ഈ വഴി വരണം' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 'നാട്ടിലുണ്ടെന്നും ഇപ്പോള്‍ കോഴിക്കോട്ടേക്ക് കല്ലായി വഴി ബസില്‍ പോകുകയാണെന്നും' പറഞ്ഞു. പ്രത്യേക പരിപാടികളൊന്നുമില്ലാത്തതിനാല്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഫ്രാന്‍സിസ് റോഡിലെ 'സുപ്രഭാതം' അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസില്‍ ചെന്നു. പത്രപ്രവര്‍ത്തനത്തിലെ നൂതന സാങ്കേതികവിദ്യയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ദീര്‍ഘനേരം സംസാരിച്ചു. എഡിറ്റോറിയല്‍ മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ്‌വേര്‍ നടപ്പാക്കിയാല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ കാര്യമായ കുറുവുവരുത്താനാകുമെന്നും അറിയിച്ചു. തിരിച്ചിറങ്ങുമ്പോള്‍ അദ്ദേഹം ചോദിച്ചു; 'നാളെ ഞങ്ങളുടെ ചെയര്‍മാനും മറ്റും ഇവിടെ മീറ്റിങ്ങിനു വരുന്നുണ്ട്. അവര്‍ക്കുകൂടി ഈ സംവിധാനങ്ങള്‍ ഒന്നു വിവരിച്ചുകൊടുക്കുമോ?' എന്നെ 'സുപ്രഭാത'ത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആ ചോദ്യമെന്ന് അപ്പോള്‍ അറിഞ്ഞില്ല.
അടുത്തദിവസത്തെ കൂടിക്കാഴ്ചയില്‍ എഡിറ്റോറിയല്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വേര്‍ ഉള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തനത്തിലെ നൂതന സാങ്കേതികകാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ മുന്നിലിരിക്കുന്ന മതപണ്ഡിതന്മാര്‍ക്ക് അതെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. കാര്യങ്ങള്‍ അവതരിപ്പിച്ചു തീര്‍ന്നയുടന്‍ ചെയര്‍മാന്റെ പ്രതികരണമുണ്ടായി: 'എന്നാ പിന്നെ നമ്മള്‍ക്കും ന്യൂസ്‌റാപ്പ് തന്നെ തുടങ്ങാം. അതു നല്ലതാണെന്നു നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലോ. പിന്നെ ചെലവിന്റെ കാര്യം നോക്കണ്ട.'
അടുത്ത വാക്യമാണ് എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. കണ്ണിലെ ആ വശ്യമായ ചിരിയോടെ ചെയര്‍മാന്‍ ചോദിച്ചു: 'എന്നാപ്പിന്നെ നിങ്ങള് ഞങ്ങളെകൂടെ കൂട്വല്ലേ? '
സാമുദായിക, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പത്രങ്ങളില്‍ മിക്കതും നോട്ടിസുകളായി മാറിയ അനുഭവമുണ്ട്. അങ്ങനെയാണ് 'സുപ്രഭാത'ത്തിനും സംഭവിക്കുകയെങ്കില്‍ എന്റെ പ്രൊഫഷനല്‍ കരിയര്‍ അസ്തമിക്കും. നോട്ടിസായി മാറിയ ചില പത്രങ്ങളുടെ പേരു പറഞ്ഞ് ഞാന്‍ എന്റെ ആശങ്ക ചെയര്‍മാനെയും ഡയരക്ടര്‍മാരെയും അറിയിച്ചു.
അദ്ദേഹത്തിന്റെ മറുപടി തീരെ വൈകിയില്ല. ഒരു പ്രമുഖപത്രത്തിന്റെ പേരു പറഞ്ഞ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: 'നമ്മക്ക് അതുപോലൊരു ജനറല്‍ പത്രമാണു വേണ്ടത്. പത്രം നടത്താനുള്ള ചെലവ് സമസ്തയെടുക്കും. 'സുപ്രഭാത'ത്തിനെ കേരളത്തിലെ നല്ലൊരു ജനറല്‍ പത്രമാക്കി നവാസും നിങ്ങളുംകൂടി മാറ്റിത്തന്നാല്‍ മതി. കേരളത്തിലെ മൂന്നാമത്തെ പത്രമെങ്കിലുമാവാന്‍ 'സുപ്രഭാത'ത്തിനു കഴിയണം.'
ആ വാക്കുകളിലെ ആത്മാര്‍ഥതയും ലക്ഷ്യബോധവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 'സുപ്രഭാതം' കുടുംബത്തിന്റെ ഭാഗമാകണമോ എന്നു തീരുമാനിക്കാന്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമുണ്ടായിരുന്നില്ല. 'മംഗള'ത്തില്‍നിന്നു യാത്ര പറയുക എളുപ്പമായിരുന്നില്ല. എഡിറ്റോറിയല്‍ ചുമതലകള്‍ അത്രയേറെ വിശ്വസിച്ചേല്‍പ്പിച്ചതാണ് ആ മാനേജ്‌മെന്റ്. ഒടുവില്‍, ഒരു വര്‍ഷക്കാലത്തെ പ്രോജക്ടായി ഏറ്റെടുത്തിരിക്കുകയാണ് എന്നും തിരിച്ചുവരുമെന്നും ഉറപ്പുനല്‍കിയാണ് അവിടെനിന്നു പടിയിറങ്ങിയത്.
പുതിയൊരു പത്രം ചരിത്രസംഭവമാക്കി മാറ്റാന്‍ 'സുപ്രഭാത'ത്തിന്റെ ചെയര്‍മാനും ഡയരക്ടര്‍മാര്‍ക്കും കഴിയുമെന്ന് വിശ്വസിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള ഓരോ ദിവസവും. തികച്ചും ജനറല്‍ സ്വഭാവമുള്ള പത്രമാക്കാന്‍ പ്രൊഫഷനല്‍ എഡിറ്റര്‍മാരെത്തന്നെ വയ്ക്കണമെന്നു പറഞ്ഞപ്പോള്‍ 'എഡിറ്റോറിയലില്‍ ആളെ നിയമിക്കുന്നതിലൊന്നും ഞങ്ങളാരും ഇടപെടില്ല. അത് നവാസും നിങ്ങളും തീരുമാനിച്ചാല്‍ മതി' എന്നു തുറന്നുപറഞ്ഞ് ബാപ്പു മുസ്്‌ലിയാര്‍ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. പിന്നീട് ഇതുവരെ അക്കാര്യത്തില്‍ അദ്ദേഹം ഇടപെട്ടിട്ടില്ല.
എഡിറ്റോറിയലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകള്‍ അദ്ദേഹം നിശിതമായി ചൂണ്ടിക്കാണിക്കുമായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ സ്‌നേഹവാത്സല്യങ്ങള്‍ തുളുമ്പുന്ന ആ ചിരി മുഖത്തു പ്രത്യക്ഷപ്പെടും. 'സുപ്രഭാതം' തുടങ്ങുന്നതിനു മുന്‍പുള്ള ദിനങ്ങളില്‍ നിത്യേന അദ്ദേഹം ഓഫിസിലെത്തും. ഓരോ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ ഉടനടി പരിഹാരം കാണും.
അദ്ദേഹത്തിന്റെ നേതൃത്വഗുണമൊന്നുകൊണ്ടു മാത്രമാണ്, ഭാവിയില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിച്ച മലയാളപത്രത്തിലെ മൂന്നാംസ്ഥാനം ആദ്യദിനത്തില്‍ത്തന്നെ കരഗതമാക്കാന്‍ 'സുപ്രഭാത'ത്തിനു കഴിഞ്ഞത്. അഞ്ചുലക്ഷം വരിക്കാരും ആറ് എഡിഷനുമായി പ്രസിദ്ധീകരണം ആരംഭിച്ച ഇന്ത്യയിലെ ആദ്യപത്രമാണ് 'സുപ്രഭാതം'. ആ നേട്ടത്തെ ഉദ്ഘാടനവേദിയില്‍വച്ച് ഉള്ളുതുറന്ന് അഭിനന്ദിക്കാന്‍ 'മലയാളമനോരമ'യുടെ എഡിറ്റോറിയല്‍ ഉപദേശകനും മലയാള പത്രപ്രവര്‍ത്തനത്തിലെ ജീവിച്ചിരിക്കുന്ന കുലപതിയുമായ തോമസ് ജേക്കബ്് തയാറായി. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ എന്ന ടീം ലീഡര്‍ക്കുള്ള പുരസ്‌കാരമായി മാറി ഉദ്ഘാടനവേദിയില്‍ മഹദ്‌വ്യക്തികളുടെയെല്ലാം അനുമോദനവാക്കുകള്‍.
സമസ്തയെന്ന മഹാപ്രസ്ഥാനത്തിന്റെ പിന്‍ബലത്തില്‍ തികച്ചും ജനറല്‍ സ്വഭാവമുള്ള പത്രമായി തുടര്‍ന്നാല്‍ 'സുപ്രഭാത'ത്തിനു മലയാളപത്രങ്ങളില്‍ ഒന്നാംസ്ഥാനം പിടിച്ചെടുക്കുക പ്രയാസമുള്ള കാര്യമല്ലെന്ന് ഉറപ്പാണ്. അതിനുള്ള ആത്മവിശ്വാസവും പ്രവര്‍ത്തനസന്നദ്ധതയും മറ്റുള്ളവരില്‍ ഊര്‍ജംപകരാനുള്ള മിടുക്കും കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ക്കുണ്ടായിരുന്നു. ആ കണ്ണുകളിലെ തിളക്കമായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."