ആരോസ് വാര്‍ഷികാഘോഷം
ദോഹ: ഏബ്ള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കമ്പനികളിലെ മാനേജ്‌മെന്റും തൊഴിലാളികളും ചേര്‍ന്ന് നടത്തുന്ന ജീവകാരുണ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ എറോസ് വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണവും 12ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉംസലാലിലെ ബര്‍സാന്‍ യൂത്ത് സെന്റര്‍ ഹാളില്‍ വൈകിട്ട് നാല് മണിക്ക് പരിപാടികള്‍ ആരംഭിക്കും. ആറ് മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വിവിധ മന്ത്രാലയത്തിലെ പ്രതിനിധികള്‍ സംബന്ധിക്കും.
ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ എറോസ് നിര്‍വഹിക്കുന്നതായി പ്രതിനിധികള്‍ അറിയിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മുക്കത്ത് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ സ്‌കൂളിന് 2013 ജൂണ്‍ മുതല്‍ പ്രതിമാസം നല്‍കിവരുന്ന സഹായം, നേപ്പാളിലെ ഭൂകമ്പത്തില്‍ വീട് നഷ്ടമായ കമ്പനിയിലെ 22 ജോലിക്കാര്‍ക്ക് വീട് നിര്‍മിച്ചു നല്കിയത് തുടങ്ങിയവ എറോസിന്റെ എടുത്തുപറയേണ്ട പ്രവര്‍ത്തനങ്ങളാണ്.
ജീവനക്കാരുടെ സര്‍ഗ്ഗശേഷികള്‍ പരിപോഷിപ്പിക്കാന്‍ എല്ലാ വര്‍ഷവും പുതുവര്‍ഷത്തോടനുബന്ധിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന കലാ കായിക മത്സരങ്ങളും വാര്‍ഷിക ആഘോഷവും സംഘടിപ്പിക്കുന്ന എറോസ് വിവിധ വിഭാഗങ്ങളിലെ ജീവനക്കാരില്‍ മികച്ചവര്‍ക്ക് അവാര്‍ഡുകളും സമ്മാനിക്കാറുണ്ട്.
ഈ വര്‍ഷത്തെ ആഘോഷ ചടങ്ങില്‍ എറോസ് അംഗങ്ങള്‍ക്ക് നടപ്പിലാക്കുന്ന സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. അംഗങ്ങളുടെ കലാപരിപാടികള്‍ക്കൊപ്പം അമൃതം ഗമയ മ്യൂസിക്കല്‍ ബാന്റിന്റെ സംഗീതനിശയും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ എറോസ് രക്ഷാധികാരി കെ പി മുഹമ്മദ്, ചെയര്‍മാന്‍ ഇ കെ മുജീബ് റഹ്മാന്‍, ജനറല്‍ കണ്‍വീനര്‍ മിജിയാസ് മുക്കം, വൈസ് ചെയര്‍മാന്‍മാരായ ബി എസ് പിള്ളൈ, ഖാലിദ് കമ്പളവന്‍, മുഹമ്മദ് അഷ്‌കര്‍, കണ്‍വീനര്‍ ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ തെസ്‌നീം തിരുവോത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."