ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തെകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നേരത്തെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബവും വിവിധ വിദ്യാര്‍ഥി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, പോസ്റ്റുമോര്‍ട്ടത്തില്‍ മരണം തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും ജിഷ്ണുവിന്റെ മൂക്കിന് മുകളില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയതും കൂടുതല്‍ ദുരൂഹതയുണ്ടാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം,ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന കോളജ് അധികൃതരുടെ വാദം പൊളിയുന്നു. പരീക്ഷയ്ക്കിടെ വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ അന്നേ ദിവസം തന്നെ സര്‍വകലാശാലയെ അറിയിക്കണം എന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുളള പരീക്ഷാ കണ്‍ട്രോളറുടെ വിശദീകരണം. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം തെളിവെടുപ്പിനായി പാമ്പാടി നെഹ്‌റു കോളജില്‍ എത്തിയപ്പോഴാണ് കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എസ് ഷാബു ഇക്കാര്യം അറിയിച്ചത്.
യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ജി.പി പത്മകുമാറിനൊപ്പമാണ് പരീക്ഷ കണ്‍ട്രോളര്‍ കോളജില്‍ തെളിവെടുപ്പിനായി എത്തിയത്. സംഭവങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും ഡോ.ഷാബു വ്യക്തമാക്കി. പരീക്ഷാ ഹാളില്‍ സമീപത്തിരുന്ന വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് നോക്കിയെഴുതിയ ജിഷ്ണുവിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ ഉപദേശിക്കുകയും, ചെയ്തത് തെറ്റാണെന്നും ആവര്‍ത്തിച്ചാല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു ഡീബാര്‍ ചെയ്യുമെന്നും പറയുകയല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നാണ് കോളജ് അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."