അഴിമതിക്കാര്‍ക്കെതിരേ കുരുക്ക് മുറുക്കി വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ഉന്നത ഐ.എ.എസ് ഓഫിസര്‍മാര്‍ പരസ്യമായി യുദ്ധ പ്രഖ്യാപനം നടത്തുന്നതിനിടയില്‍ അഴിമതിക്കാര്‍ക്കെതിരേ ശക്തമായ നിലപാടുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുന്നോട്ട്. സെക്രട്ടറിയേറ്റില്‍ അടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പാക്കണമെന്ന് കാണിച്ച് ജേക്കബ് തോമസ് സര്‍ക്കുലര്‍ ഇറക്കി.
ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരേയും പണിയെടുക്കാത്തവരേയും കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ഇതുവഴി കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും സര്‍കുലറില്‍ പറയുന്നു. നാലുമാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ടുതവണയോ എല്ലാ ഓഫിസുകളിലും ഓഡിറ്റ് സംവിധാനം നടപ്പാക്കണം. ഓഫിസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
കെട്ടിക്കിടക്കുന്ന ഫയലുകളെ കുറിച്ച് വ്യക്തമായ കണക്കുണ്ടാകും. ഏതിലൊക്കെ തീര്‍പ്പുണ്ടായെന്നും അറിയാനാകും. ഇതുമൂലം
അഴിമതിയുടെ അളവ് കുറയ്ക്കാനാവുമെന്നും സര്‍കുലറില്‍ പറയുന്നു.ഓരോ ഓഫിസിലെയും രണ്ടാമത്തെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ആയിരിക്കണം ആഭ്യന്തര വിജിലന്‍സിന്റെ മേധാവി. ഓഫിസുകളില്‍ കൃത്യമായി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഈ ഉദ്യോഗസ്ഥന്‍ പരിശോധിക്കണം. വിവിധ വകുപ്പുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഫലപ്രദമല്ലെന്ന കാര്യവും സര്‍കുലറില്‍ ചൂണ്ടിക്കാട്ടുന്നു.ഒരു ഓഫിസില്‍ കയറി എന്തൊക്കെ കാര്യങ്ങള്‍, എങ്ങനെയൊക്കെ പരിശോധിക്കണമെന്ന് വരച്ച് കാണിച്ചാണ് ജേക്കബ് തോമസ് സര്‍കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം. പദവികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടങ്കില്‍ കണ്ടെത്തണം. അഴിമതി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടോയെന്ന് നോക്കണം. സര്‍ക്കാരിന് വരുമാന നഷ്ടം ഉണ്ടാകുന്ന കാര്യങ്ങള്‍ നടക്കുന്നുണ്ടങ്കില്‍ അതും പിടികൂടണം.
പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള അധികാരം യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. വിജിലന്‍സ് സെല്‍ എന്നോ വിജിലന്‍സ് വിങ് എന്നോ ഇത്തരം യൂണിറ്റുകളെ വിശേഷിപ്പിക്കാനാണ് നിര്‍ദേശം.
പൊതുമേഖല സ്ഥാപനങ്ങളിലും സമാന പരിശോധനകള്‍ നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 1997ല്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനത്തെക്കുറിച്ച് വിജിലന്‍സ് തന്നെ ഉത്തരവിറക്കിയിരുന്നെങ്കിലും അന്നു നടപ്പായിരുന്നില്ല. മുമ്പ് ഈ സംവിധാനം സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ നടപ്പാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."