പ്രബോധനവഴിയിലെ ബഹുമുഖ പ്രതിഭ
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃനിരയിലെ പ്രമുഖപണ്ഡിതന്മാരുടെ വിയോഗം നല്‍കുന്ന വേദന വിട്ടുമാറുംമുമ്പാണ് ബാപ്പു മുസ്്‌ലിയാര്‍ വിടപറഞ്ഞിരിക്കുന്നത്. ഇസ്‌ലാമിക പ്രബോധനവഴിയിലെ ബഹുമുഖ പ്രതിഭയായിരുന്ന കോട്ടുമല ടി.എം ബാപ്പുമുസ്്‌ലിയാരുടെ നിര്യാണം സമുദായസംഘശക്തിക്കും മതവിദ്യാഭ്യാസ മേഖലയ്ക്കും വലിയനഷ്ടമാണു സൃഷ്ടിച്ചിരിക്കുന്നത്. തികഞ്ഞ പാണ്ഡിത്യവും പക്വതയാര്‍ന്ന നേതൃഗുണവും പാരമ്പര്യമായി കൈമുതലാക്കിയ ബാപ്പു മുസ്‌ലിയാര്‍, സമസ്തയ്ക്കും സമുദായത്തിനുംവേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു.
സദാസമയം കര്‍മരംഗത്തു സജീവമായി നിലകൊള്ളുകയും സമുദായസമുദ്ധാരണത്തിനു സമ്പന്നമായ ചിന്തകള്‍ സമ്മാനിക്കുകയുംചെയ്ത മാതൃകാവ്യക്തിത്വമായിരുന്നു. കേരളത്തിലും പുറത്തുമായി പരന്നുകിടക്കുന്ന സമസ്തയുടെ മദ്്‌റസാ പ്രസ്ഥാനത്തെ ഇന്നുകാണുന്ന രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹം നിര്‍വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
എപ്പോഴും ഊര്‍ജസ്വലമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പ്രകൃതമായിരുന്നു ബാപ്പു മുസ്‌ലിയാരുടേത്. പഠനകാലത്തുതന്നെ അദ്ദേഹത്തില്‍ ഇതു പ്രകടമായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഞങ്ങള്‍ ഒരുമിച്ചാണു പഠനം നടത്തിയിരുന്നത്. ബിരുദം ഏറ്റുവാങ്ങുംവരെ ഒരേ ക്ലാസിലും ഒരേ റൂമിലുമായിരുന്നു. ഉസ്താദുമാര്‍ ക്ലാസെടുക്കുമ്പോള്‍ എല്ലാകാര്യങ്ങളും ശ്രദ്ധിച്ചുകേള്‍ക്കുകയും ഏറെക്കുറെ അതതു സമയത്തുതന്നെ മനഃപാഠമാക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. പഠിച്ചകാര്യങ്ങള്‍ സഹപാഠികള്‍ക്കു പകര്‍ന്നുകൊടുക്കുന്നതിലും അദ്ദേഹത്തിനു പ്രത്യേകതാല്‍പര്യമായിരുന്നു. ജാമിഅയിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നില്‍ക്കുകയും വിദ്യാര്‍ഥിസമാജങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ജാമിഅയിലേയ്ക്കു പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഞങ്ങള്‍ ഒരേ വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്റെ വന്ദ്യപിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളും അദ്ദേഹത്തിന്റെ പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ വളരെ അടുത്തബന്ധമാണുണ്ടായിരുന്നത്. സമസ്തയുടെയും പട്ടിക്കാട് ജാമിഅയുടെയും പ്രവര്‍ത്തനങ്ങളില്‍ അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഈ ബന്ധമാണു ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ഊഷ്മളമാക്കിയത്. പിതാക്കന്മാരോടൊപ്പം പല പരിപാടികളിലും പങ്കെടുക്കാന്‍ ചെറുപ്പത്തില്‍ത്തന്നെ ഞങ്ങള്‍ക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅയില്‍ പഠിച്ചുകൊണ്ടിരിക്കെ കായല്‍പ്പട്ടണത്തിലെ മഹ്‌ളറത്തുല്‍ ഖാദിരിയ്യ കോളജ് വാര്‍ഷികപരിപാടിയിലേയ്ക്കു വന്ദ്യപിതാവിനും കെ.പി ഉസ്്മാന്‍ സാഹിബ്, മാന്നാര്‍ അബ്ദുല്‍ ഖാദര്‍ഹാജി എന്നിവര്‍ക്കുമൊപ്പം ഞങ്ങള്‍ യാത്രചെയ്ത അനുഭവം ഇന്നും ഓര്‍മയില്‍ തെളിയുന്നു.
പഠനശേഷം ബാപ്പു മുസ്്‌ലിയാര്‍ വിവിധയിടങ്ങളില്‍ മുദരിസും ഖാസിയുമായി സേവനം ചെയ്തു. കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരുടെ വിയോഗശേഷം സമസ്തയുടെ സംഘടനാരംഗത്തും അദ്ദേഹം സജീവമായി. തീരെ ചെറിയപ്രായത്തിലാണ് അദ്ദേഹം സമസ്ത ഏറനാട് താലൂക്ക് കമ്മിറ്റിയുടെ പ്രസിഡന്റാവുന്നത്. അപ്പോഴും ആ സൗഹൃദബന്ധം അഭംഗുരം തുടരുകയാണുണ്ടായത്. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന (ഓസ്‌ഫോജന)യുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ഓസ്‌ഫോജനയുടെ സംഭാവനയായ കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ സ്മാരക കോംപ്ലക്‌സിന്റെ സ്ഥാപിതകാലം തൊട്ട് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കഠിനാധ്വാനം പ്രത്യേകം സ്മരിക്കേണ്ടതാണ്. ജീവനുതുല്യം ആ സ്ഥാപനത്തെ സ്‌നേഹിക്കുന്നുവെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ അനുഭവത്തിലുണ്ടായിട്ടുണ്ട്.
സമസ്ത കേരള ഇസ്്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡില്‍ അംഗമായും പിന്നീട് സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായുമുള്ള കാലയളവില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമാക്കുന്ന ആശയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. കാലോചിതമായി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിലും വിദ്യാഭ്യാസസമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും അദ്ദേഹം പുതിയപദ്ധതികള്‍ ആവിഷ്‌കരിച്ചു. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസമേഖലയിലും സമസ്ത കൂടുതല്‍ ശ്രദ്ധയൂന്നണമെന്ന ചിന്തയില്‍ നിന്നുത്ഭവിച്ച പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിങ് കോളജിന്റെ ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തതു ബാപ്പു മുസ്്‌ലിയാരെയായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമൊത്ത് എന്‍ജിനീയറിങ് കോളജ് യാഥാര്‍ഥ്യമാക്കുന്നതിലും പിന്നീട് അതിനെ കേരളത്തിലെ പ്രമുഖ കലാലയമായി വളര്‍ത്തിയെടുക്കുന്നതിലും ബാപ്പു മുസ്്‌ലിയാരുടെ പങ്ക് നിസ്തുലമാണ്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ആരിലും മതിപ്പുളവാക്കുന്ന സേവനമായിരുന്നു അദ്ദേഹത്തിന്റേത്. ഹാജിമാരുടെ ക്ഷേമത്തിനും ഹജ്ജ് ക്യാമ്പിന്റെ സംഘാടനത്തിനുംവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ഒരു ഹജ്ജ് ക്യാമ്പ് സമാപിച്ചതിനുശേഷം അടുത്ത ഹജ്ജ്കാലം വരുന്നതിനുമുമ്പ് ഹജ്ജ് ഹൗസിന്റെയും ക്യാമ്പിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഹാജിമാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പുതിയ ആശയവുമായി അദ്ദേഹം സര്‍ക്കാരിനെ സമീപിക്കുമായിരുന്നു. സമുദായ ഐക്യവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിനുവേണ്ടി പൊതുവിഷയങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള വിശാലമനസ്‌കതയാണു ബാപ്പു മുസ്്‌ലിയാര്‍ക്കു പൊതുസമ്മതി നേടിക്കൊടുത്തത്. സമസ്തയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നു വ്യതിചലിക്കാതെ ആദര്‍ശബന്ധിതമായി ജീവിക്കുകയും അതൊടൊപ്പം മറ്റുള്ളവരുമായുള്ള സഹവര്‍ത്തിത്വത്തിനു പ്രാധാന്യം കാണുകയും ചെയ്തിരുന്നു.
കഠിനാധ്വാനമാണ് ഏതൊരു പത്രത്തിന്റെയും വിജയം. സുപ്രഭാതം ദിനപത്രത്തിന്റെ കാര്യത്തിലും ഈ കാര്യം വ്യക്തമാണ്. എല്ലാവരും സ്വീകരിച്ച ഒരു പൊതുപത്രമായി സുപ്രഭാതത്തെ മാറ്റുന്നതില്‍ ബാപ്പു മുസ്്‌ലിയാരുടെ പങ്കും നേതൃത്വവും ഏറെ പ്രധാനമാണ്. പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി പ്രമുഖരെ ഉള്‍പ്പെടുത്താനായതും ധാരാളം വരിക്കാരെ ഉള്‍പ്പെടുത്തി ഏറെ പ്രചാരമുള്ള പത്രമാക്കി മാറ്റാനായതും ബാപ്പു മുസ്്‌ലിയാരുടെ മിടുക്കാണ്. നല്ല ലേഖനങ്ങളും പഠനാര്‍ഹമായ പംക്തികളും മാത്രമല്ല, കുട്ടികളുടെ പഠനകാര്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിഭവങ്ങളുമെല്ലാം സുപ്രഭാതത്തില്‍ ഉള്‍ക്കൊള്ളിക്കാനായി. മൈത്രിയും സഹവര്‍തിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന പൊതുപത്രമായി ഇന്നു സുപ്രഭാതം മാറിയിട്ടുണ്ട്. ഇതെല്ലാം ബാപ്പു മുസ്‌ലിയാരുടെ കഴിവായിരുന്നു. ഇതു നിലനില്‍ക്കട്ടേയെന്നാണ് എന്റെ പ്രാര്‍ഥന.
സമസ്തയുടെ കാമ്പയിനുകളും സമ്മേളനങ്ങളും വിജയിപ്പിക്കുന്നതില്‍ മികച്ച സംഘടനാപാടവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സമസ്തയുടെ മുതിര്‍ന്നനേതാക്കാള്‍ക്ക് ആശ്വാസകരമാവുംവിധം എല്ലാ കാര്യങ്ങളും ഏറ്റെടുത്തു നിര്‍വഹിക്കുകയും അവയെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. പല സമ്മേളനങ്ങളുടെയും വിജയശില്‍പികളില്‍ പ്രധാനി ബാപ്പുമുസ്്‌ലിയാരായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ വീഴ്ചവരുത്താതെ നിര്‍വഹിക്കണമെന്ന കണിശതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ഉത്തരവാദിത്വങ്ങള്‍ അല്ലാഹുവില്‍നിന്നുള്ളതാണെന്നും അതിനാല്‍ ഏതൊരു വീഴ്ചയ്ക്കും ഉത്തരംപറയേണ്ടി വരുമെന്നുമുള്ള സൂക്ഷ്മത ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു.
ഇത്ര വേഗം അദ്ദേഹം വിടവാങ്ങുമെന്ന് കരുതിയതല്ല. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കുമുമ്പില്‍ എല്ലാവരും കീഴടങ്ങേണ്ടിവരും. പണ്ഡിതന്മാരുടെ മരണം കാലത്തിന്റെ മരണമെന്നാണു മഹത്‌വാക്യം. പ്രമുഖപണ്ഡിതന്മാരുടെ വേര്‍പ്പാടുണ്ടാക്കുന്ന ശൂന്യതയ്ക്കു പരിഹാരമായി പ്രാപ്തമായ പണ്ഡിതനേതൃത്വത്തെ അല്ലാഹു പ്രദാനം ചെയ്യട്ടെയെന്നു പ്രാര്‍ഥിക്കാം. ബാപ്പു മുസ്്‌ലിയാരുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്കും സത്കര്‍മങ്ങള്‍ക്കും അല്ലാഹു അളവറ്റ പ്രതിഫലം നല്‍കട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."