മിസൈല്‍ പരീക്ഷണം: പാക് അവകാശവാദം ഇന്ത്യ തള്ളി
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആണവ മിസൈല്‍ പരീക്ഷണം നടത്തിയെന്ന പാകിസ്താന് അവകാശ വാദം ഇന്ത്യന്‍ നാവിക സേന തള്ളി. ഇത്തരത്തിലൊരു പരീക്ഷണം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയാണ് നാവിക സേന പാകിസ്താന്റെ അവകാശവാദം തള്ളിയത്. മുങ്ങിക്കപ്പലില്‍ നിന്ന് തൊടുക്കാന്‍ കഴിയുന്ന 450 കി.മീറ്റര്‍ ദൂരപരിധിയുള്ള ബാബര്‍-3 മിസൈല്‍ പരീക്ഷിച്ചെന്നായിരുന്നു പാകിസ്താന് വെളിപ്പെടുത്തിയിരുന്നത്.
പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യവും പാകിസ്താന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഈ വീഡിയോയും വാര്‍ത്തയും വ്യാജമാണെന്നാണ് ഇന്ത്യന്‍ നേവി വ്യക്തമാക്കിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
വെള്ളത്തിനടിയില്‍ നിന്ന് മിസൈല്‍ ഉയരുന്നതിന്റേയും കരയിലെ ലക്ഷ്യ സ്ഥാനത്ത് പതിക്കുന്നതിന്റേയും ദൃശ്യങ്ങളായിരുന്നു ട്വിറ്ററിലൂടെ പാകിസ്താന് പുറത്തുവിട്ടിരുന്നത്. പാക് സൈനിക വക്താവ് ആസിഫ് ഗഫൂറാണ് പരീക്ഷണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
എന്നാല്‍ ഇത്തരത്തിലൊരു പരീക്ഷണം നടന്നിട്ടില്ലെന്ന് നാവിക സേന അറിയിച്ചു. വീഡിയോയില്‍ രണ്ട് മിസൈലുകള്‍ കാണുന്നുണ്ടെന്നും വെള്ളത്തില്‍ നിന്ന് പൊങ്ങിവരുന്ന മിസൈലിന് ചാരനിറവും പിന്നീടതിന് ഓറഞ്ച് നിറമാണെന്നും നാവികസേന പറയുന്നു. വെള്ളത്തില്‍നിന്ന് തൊടുക്കാവുന്ന പാകിസ്താന്റെ ആദ്യ മിസൈലാണിതെന്നായിരുന്നു അവരുടെ അവകാശവാദം.
എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏത് ഭാഗത്തുനിന്നാണ് മിസൈല്‍ വിക്ഷേപണം നടത്തിയതെന്ന് വ്യക്തമാക്കിയില്ലെന്നും ഇന്ത്യന്‍ നാവിക സേന ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."