ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായ് വിറ്റു; പൗത്രന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: വിഖ്യാത കലാകാരന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ പൗത്രന്‍ നാസര്‍ ഹസനെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു. ബിസ്മില്ലാ ഖാന്റെ ഷെഹനായി ഒരു ജ്വല്ലറിയ്ക്ക് വില്‍പന നടത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്. വെറും 17,000 രൂപയ്ക്കാണ് ഷെഹനായ് വിറ്റതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ അറിയിച്ചു.
നാല് ഷെഹനായി ജ്വല്ലറിക്ക് വിറ്റുവെന്നും ഇത് ഉരുക്കിയ നിലയില്‍ കണ്ടെടുക്കാനായിട്ടുണ്ടെന്നും ഉപകരണത്തിന്റെ മരത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും മറ്റുഭാഗങ്ങള്‍ ഉരുക്കി രൂപമാറ്റം വരുത്തിയെന്നും പൊലിസ് പറയുന്നു.
വില്‍പന നടത്തിയ ഉപകരണങ്ങളെല്ലാം ഉസ്താദിന് പ്രിയപ്പെട്ടവയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവു, കബില്‍ സിബല്‍, ലാലുപ്രസാദ് യാദവ് എന്നിവര്‍ സമ്മാനിച്ചവയായിരുന്നു ഇവ. പ്രത്യേക അവസരങ്ങളില്‍ മാത്രമായിരുന്നു അദ്ദേഹം ഇവ ഉപയോഗിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഷെഹനായ് മോഷ്ടിച്ച് ജ്വല്ലറിയ്ക്കു വില്‍ക്കുകയായിരുന്നുവെന്ന് ബന്ധുവായ റാസി ഹസ്സന്‍ ആരോപിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അഞ്ചെണ്ണം മോഷണം പോയിരുന്നു. ഇതേതടുര്‍ന്ന് പൊലിസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നാലെണ്ണം ജ്വല്ലറിക്ക് വിറ്റതായി കണ്ടെത്തിയത്.
2006ല്‍ ഭാരത രത്‌നം നല്‍കി രാജ്യം ആദരിച്ച ഈ വിഖ്യാത കലാകാരന് അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങളും മറ്റും എന്നെന്നും ഓര്‍മിക്കുന്നതിനായി സ്മാരകം നിര്‍മിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."