സിറിയയില്‍ യു.എസ് വ്യോമാക്രമണം; 25 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു
ദമസ്കസ്: സിറിയയില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ 25 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ പ്രത്യേക സേനയാണ് ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്ന് യു.കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍റൈറ്റ്സ് അറിയിച്ചു.
അല്‍ കുബര്‍ ഗ്രാമത്തിലാണ് വ്യോമാക്രമണം നടത്തിയത്. ഐ.എസിന്റെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് യു.എസ് നേരത്തേയും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
2015 മെയില്‍ ദെയ്ര് അസ് സോറില്‍ നടത്തിയ ആക്രമണത്തില്‍ ഐ.എസ് നേതാവ് അബൂ സയ്യാഫ് ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ദെയ്ര് അസ് സോര്‍. ഒക്ടോബറില്‍ ഇറാഖി നഗരമായ ഹവിജയില്‍ നടത്തിയ ആക്രമണത്തില്‍ ഐ.എസ് ബന്ദികളാക്കിയ 70 പേരെ യു.എസ് സേന മോചിപ്പിച്ചിരുന്നു.
രണ്ടു യുദ്ധവിമാനങ്ങളുടെയും നാലു ഹെലികോപ്റ്ററുകളുടെയും അകമ്പടിയോടെയായിരുന്നു 90 മിനുറ്റ് നീണ്ട ആക്രമണമെന്ന് യു.എസ് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍, യു.എസ് സഖ്യസേനാ ഉദ്യോഗസ്ഥര്‍ മരണം സ്ഥിരീകരിച്ചിട്ടില്ല.
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ യു.എസ് സൈനികര്‍ മാറ്റുന്നത് കണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.എസ് ബന്ധമുള്ള നിരവധിപേരെ അറസ്റ്റ് ചെയ്തതായും വാര്‍ത്തയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."