കേരള രാഷ്ട്രീയത്തിലും ആപത്‌സൂചനകള്‍
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കേരളമാതൃക മാഞ്ഞുതുടങ്ങുകയാണെന്നു സംശയിച്ചുപോകാവുന്നതാണ് മെയ് 16 നു നടന്ന തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന. പാര്‍ട്ടി അടിസ്ഥാനത്തിലും സൈദ്ധാന്തികത്തണലിലും പ്രവര്‍ത്തിച്ചുവന്നിരുന്നതാണ് കേരള രാഷ്ട്രീയം. വടക്കേ ഇന്ത്യയിലെപ്പോലെ പ്രചാരണങ്ങളെയും താത്ക്കാലികപ്രതിഭാസങ്ങളെയും കേരളത്തിലെ രാഷ്ട്രീയം ബാധിക്കാറില്ല. ചിലപ്പോഴൊക്കെ വ്യക്ത്യധിഷ്ഠിതമായ സ്വാധീനങ്ങളുണ്ടാവാറുണ്ട്.
എന്നാല്‍, ഇത്തവണ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ മാധ്യമങ്ങള്‍ വിശദീകരിച്ച രീതിയിലുള്ള സ്വാധീനമല്ല ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
ഒന്ന്: സ്വാഭാവിക മാറ്റം. മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന കേരളീയരുടെ സ്ഥിരം ശൈലി.
രണ്ട്: വര്‍ഗീയചേരിതിരിവു കാരണം സംഭവിച്ച വോട്ട് ഷെയറില്‍ വന്ന വ്യതിയാനങ്ങള്‍.
മൂന്ന്: ന്യൂനപക്ഷവോട്ട് ഇടത്തോട്ടു ചാഞ്ഞത്.
ഇപ്പറഞ്ഞ മൂന്നിലും ചെറുസത്യം ഇല്ലാതില്ലെങ്കിലും അതാണു പ്രധാനകാരണമെന്ന നിഗമനത്തിലെത്തുന്നതു ശരിയിലെത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
മൂന്നു പ്രധാനകാരണങ്ങള്‍ ഈ തെരഞ്ഞെടുപ്പുഫലത്തില്‍ ഉണ്ടെന്നുവേണം കരുതാന്‍.
ഒന്ന്: മധ്യവര്‍ഗത്തിന്റെ അതൃപ്തിയും പ്രതിഷേധവും.
മന്‍മോഹന്‍സിങ്ങിലൂടെ പരീക്ഷണമാരംഭിച്ച ഉദാരസാമ്പത്തിക പരിഷ്‌കരണത്തിന്റെ പ്രധാന ഇര മധ്യവര്‍ഗമാണ്. ചെറുകിട കച്ചവടം, കൃഷി, വ്യവസായം മുതല്‍ നാടന്‍ ചായക്കടപോലും നടത്തി കരകയറാന്‍പറ്റാത്തവിധം മധ്യവര്‍ഗം വെല്ലുവിളി നേരിടുകയാണ്.
ഈ വിഭാഗത്തിന്റെ അതൃപ്തി യു.ഡി.എഫിനു പ്രഹരമായെന്ന സത്യം പലരും കണക്കിലെടുത്തിട്ടില്ല. വന്‍നഗരങ്ങളിലെ വന്‍വ്യവസായസംരംഭങ്ങളും പൊതുനിക്ഷേപവും വികസനകുതിപ്പുകളും സംസ്ഥാനത്തിന്റെ ഖജനാവു സമ്പന്നമാക്കുന്നതോടൊപ്പം ഉയര്‍ന്നവിഭാഗത്തിനു കൂടുതല്‍ വാരിക്കൂട്ടാന്‍ അവസരം സൃഷ്ടിക്കും.
ഇന്ത്യക്കുചേര്‍ന്ന സാമ്പത്തികനയം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസും ഐക്യമുന്നണിയും വേണ്ടത്ര വിജയിച്ചില്ല. ഇന്ത്യന്‍ പാര്‍ലമെന്റ് അമിതാവേശത്തില്‍ സ്വീകരിച്ച നിലപാടുകള്‍ ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ നാശവും താഴ്ന്നവരുമാനക്കാര്‍, ഉയര്‍ന്നവരുമാനക്കാര്‍ എന്നീ രണ്ടുവിഭാഗങ്ങളുടെ മാത്രം സാന്നിധ്യവുമായി മാറിവരികയാണ്.
രണ്ട്: അസത്യപ്രചാരണം.
തെരഞ്ഞെടുപ്പു കാലത്തു മാധ്യമങ്ങളെ ഉപയോഗിച്ചു നടത്തിയ അസത്യപ്രചരണങ്ങള്‍ ജയപരാജയങ്ങളില്‍ പങ്കുവഹിച്ചു. അഴിമതി ആരോപിതരായവര്‍ കുറ്റവാളികളാണെന്നവിധം വിചാരണ ചെയ്യപ്പെട്ടു. യു.ഡി.എഫ് നേതാക്കള്‍ തന്നെ സ്വീകരിച്ച നിലപാടുകള്‍ വോട്ടര്‍മാരില്‍ സംശയങ്ങള്‍ വളര്‍ത്താനിടയാക്കി. ഇടതുപക്ഷം കാടടച്ചു നടത്തിയ പ്രചാരണം സാമാന്യമര്യാദകള്‍ പാലിക്കാത്ത രീതിയിലായിരുന്നു.
ഒരുഘട്ടത്തില്‍ സുരേഷ് ഗോപി സംസ്ഥാന മുഖ്യമന്ത്രിയെ കള്ളനെന്നുപോലും വിളിക്കുന്ന സാഹചര്യമുണ്ടായി. അഴിമതിയുടെ വലിയതോതിലുള്ള പ്രചാരണം ഇടതുപക്ഷത്തിനു സഹായകമായി. അഴിമതി ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്തു സത്യസന്ധമായ അന്വേഷണം നടത്താന്‍ യു.ഡി.എഫ് തയ്യാറായതുമില്ല. സോളാര്‍പോലെ മദ്യവും സംശയത്തിന്റെ നിഴലില്‍ തന്നെയാണിപ്പോഴുമുള്ളത്.
മൂന്ന്: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാകപ്പിഴവുകള്‍.
മണ്ഡലങ്ങളില്‍ സ്വാധീനവും പ്രവൃത്തിപരിചയവും പാരമ്പര്യവും നോക്കിവേണം സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍. ഗ്രൂപ്പടിസ്ഥാനത്തിലും കുടുംബബന്ധത്തിന്റെയും ഉപചാപകത്വത്തിന്റെയും ബലത്തില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തിയതു ശരിയായില്ല.
ന്യൂനപക്ഷ വോട്ട് ഇടത്തോട്ടു മാറിയെന്നതു കണക്കിന്റെ അടിസ്ഥാനത്തില്‍ സത്യസന്ധമല്ല. എങ്കില്‍ 47 മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു ശീലവും മറ്റുള്ളവയ്ക്കു മറ്റൊന്നുമാണെന്നു പറയേണ്ടിവരും. 20-30 ശതമാനമാണു രാഷ്ട്രീയമായി സജീവമായി ചിന്തിക്കുന്നവര്‍. അല്ലാത്തവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച സമീപനമെടുക്കുന്നവരാണ്. അവരാണു പ്രചാരണത്തിന്റെ ഇരകള്‍. അവര്‍ തന്നെയാണ് മാറ്റത്തിന്റെ കാലൊച്ച കേള്‍പ്പിക്കുന്നവര്‍.
കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരവവകുപ്പു കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും ന്യൂനപക്ഷവിഭാഗത്തിന്റെ ആവലാതികളോടു നീതിബോധത്തോടെ സമീപിച്ചിരുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. പള്ളി മദ്‌റസ തര്‍ക്കങ്ങളില്‍ അനീതിക്കൊപ്പം നിലകൊണ്ട പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.
ഇത് ഒരുപക്ഷേ ചില മണ്ഡലങ്ങളില്‍ ചില വ്യക്തികള്‍ക്കു പ്രതികൂലമായി ബാധിച്ചിട്ടുണ്ടാവാം. ന്യൂനപക്ഷ ഏകീകരണം യാഥാര്‍ഥ്യമല്ല. പ്രത്യേകിച്ച്, മലബാര്‍ മേഖലയില്‍. അവിടെ മുസ്‌ലിംലീഗിന്റെ അടിത്തറക്കിളകിയില്ലെന്നു മാത്രമല്ല, കുറ്റ്യാടി പിടിച്ചെടുക്കാനുമായി. അഴീക്കോട് ലീഡ് നില ഗണ്യമായി കൂട്ടാനും കഴിഞ്ഞു.
നഴ്‌സറി വിദ്യാഭ്യാസം ലഭിക്കാന്‍ കാല്‍ലക്ഷം രൂപവരെ മുതലിറക്കേണ്ട സാഹചര്യമാണു നിലവിലുള്ളത്. പുതിയ സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളോടു കാരുണ്യരഹിതമായി പെരുമാറില്ലെന്നു കരുതട്ടെ. എം.എ ബേബി ബോധപൂര്‍വ്വം മദ്‌റസകള്‍ അടച്ചുപൂട്ടിക്കാന്‍ നടത്തിയ നീക്കവും മതരഹിതസമൂഹത്തെ സൃഷ്ടിക്കാന്‍ പാഠശാലകള്‍ ഉപയോഗപ്പെടുത്താന്‍ നടത്തിയ നിലപാടുകളും ഇനിയുണ്ടാവില്ലെന്നു കരുതട്ടെ.
60 മണ്ഡലങ്ങളില്‍ എന്‍.ഡി.എ 20000 ത്തിലേറെ വോട്ടു നേടിയതും ഏഴുമണ്ഡലങ്ങളില്‍ രണ്ടാമതെത്തിയതും നേമത്തു ജയിച്ചതും ചെറുതായി കാണുന്നില്ല. എങ്കിലും അതത്രയും ഫാസിസ്റ്റ് വോട്ടുകളല്ല. അസംതൃപ്തര്‍, മോഹഭംഗക്കാര്‍ അങ്ങനെ പലഘടകങ്ങള്‍ ചേര്‍ന്ന താല്‍ക്കാലിക പ്രതിഭാസമാണ്. കൂട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ബഹുമുഖപിന്തുണയും സഹായവും ലഭിച്ചു.
സര്‍ക്കാര്‍ മാറിമാറി വന്നാലും ഫാസിസ്റ്റുകള്‍ വന്നുകൂടെന്ന നിലപാടില്‍നിന്നു കേരളീയര്‍ പുറകോട്ടു പോകില്ലെന്നു തന്നെയാണു കരുതേണ്ടത്. ഏങ്കിലും, സുമാര്‍ 20 ലക്ഷം അധികവോട്ടുകള്‍ സമാഹരിച്ച എന്‍.ഡി.എ ചില ആപല്‍ സൂചനകള്‍ നല്‍കുന്നുണ്ടെന്നു മറന്നുകൂടാ. മതനിരപേക്ഷപാതയില്‍ അണുവിട വ്യതിചലിക്കാതെ സഞ്ചരിച്ചു ശീലമുള്ള കേരളീയനു നാണക്കേടുണ്ടാക്കുന്ന ഒന്നായി ഇതിനെ കാണാതിരുന്നുകൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."