ഗെയില്‍വിരുദ്ധ സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
താമരശേരി: ഗെയില്‍വിരുദ്ധ സംയുക്ത സമരസമിതി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ജനവാസ കേന്ദ്രങ്ങളിലൂടെ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ചാലക്കരയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരസമിതി നേതാക്കളായ എ. അരവിന്ദന്‍, എം.ടി അയൂബ്ഖാന്‍, സി. മുഹ്‌സിന്‍, രാഘവന്‍ നായര്‍ കോട്ടൂര്‍ എന്നിവരുള്‍പ്പെടെ സ്ത്രീകളടക്കമുള്ള 30 പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. സമരത്തിനിടെ പ്രദേശവാസിയായ മുഹമ്മദ് വട്ടത്ത് മണ്ണില്‍ (65) ദേഹാസ്വാസ്ഥ്യത്താല്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
താമരശേരി ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന കെ. സുദര്‍ശന്‍, താമരശേരി സി.ഐ അഗസ്റ്റിന്‍, താമരശേരി, കാക്കൂര്‍, ബാലുശേരി, കൂരാച്ചുണ്ട് പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എം.എസ്.പി, എ.ആര്‍ ക്യാംപ് എന്നിവിടങ്ങളില്‍ നിന്നായി നൂറോളം പൊലിസുകരും ഫയര്‍ഫോഴ്‌സും സര്‍വേ നടപടികള്‍ക്ക് സംരക്ഷണത്തിനായി സ്ഥലത്തെത്തിയിരുന്നു. രാവിലെ ഒന്‍പതരയോടെ പ്രദേശവാസികള്‍ സംഘടിച്ച് മാര്‍ഗതടസങ്ങള്‍ സൃഷ്ടിച്ചും റോഡില്‍ ടയര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കത്തിച്ചും പ്രതിരോധം തീര്‍ത്തു. അറസ്റ്റ് ചെയ്തവരെ സര്‍വേ നടപടി പൂര്‍ത്തിയാകും വരെ സ്റ്റേഷനില്‍ നിര്‍ത്തിയശേഷം അഞ്ചോടെ ജാമ്യത്തില്‍ വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."