പോളിയോ നിര്‍മാര്‍ജന യജ്ഞം: ദ്രുതകര്‍മസേന രൂപീകരിച്ചു
കോഴിക്കോട്: ജനുവരി 29, ഏപ്രില്‍ രണ്ട് തിയതികളില്‍ നടക്കുന്ന പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ വിജയത്തിനായി ജില്ലാതലത്തില്‍ ദ്രുതകര്‍മസേന രൂപീകരിച്ചു. എ.ഡി.എം ടി. ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍ സരിത പരിപാടി വിശദീകരിച്ചു. അഞ്ചുവയസിനു താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. 2,42,817 കുട്ടികളാണ് ജില്ലയിലുള്ളത്.
തുള്ളിമരുന്ന് വിതരണത്തിനായി 2262 ബൂത്തുകള്‍ സജ്ജീകരിക്കും. പ്രത്യേക പരിശീലനം നല്‍കിയ 4797 വളണ്ടിയര്‍മാരെ മരുന്ന് വിതരണത്തിനായും ഗൃഹസന്ദര്‍ശനത്തിനായി 3747 ടീമുകളെയും നിയോഗിക്കും. ആരോഗ്യം, ആയുര്‍വേദം, ഹോമിയോ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ നടപ്പാക്കുന്നത്.
ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കവിത പുരുഷോത്തമന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. ബിന്ദു വിജയന്‍, ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.ടി അനില കുമാരി, ഗവ. മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫ. പീഡിയാട്രിക്‌സ് ഡോ. ടി.ജി സിന്ധു, ഐ.എം.എ പ്രതിനിധി ഡോ. രാഗേഷ്, റോട്ടറി പ്രതിനിധി അഡ്വ. മോഹന്‍രാജ് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."