ആണവായുധ സഹായം: ഒബാമയ്ക്ക് യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ചൈന പാകിസ്താന് ചൈന ആണവായുധങ്ങള്‍ നല്‍കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ മുന്നറിയിപ്പ്. മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും സ്ട്രാറ്റിജിക് ഫോഴ്‌സ് ഉപസമിതി ചെയര്‍മാനുമായ മൈക് റോഗേഴ്‌സ്, തീവ്രവാദ ഉപസമിതി ചെയര്‍മാനായ കോണ്‍ഗ്രസ് അംഗം ടെഡ് പോ തുടങ്ങിയവരാണ് ഒബാമ ഭരണകൂടത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചൈനയുടെ നീക്കം ഇന്ത്യയ്ക്കും യു.എസിനും ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന് ചൈന സൂപ്പര്‍ സെന്‍സിറ്റീവ് ആണവായുധങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളുടെയും യു.എസിന്റെയും ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്.
ട്രാന്‍സ്‌പോര്‍ട്ടര്‍ ഇറക്ടര്‍ ലോഞ്ചര്‍ (ടി.ഇ.എല്‍) ആണ് ചൈന പാകിസ്താന് നല്‍കുന്നത്. ഇത് ഉപയോഗിച്ച് പാകിസ്താനിന്റെ മധ്യദൂര ബാലിസ്്റ്റിക് മിസൈല്‍ ശക്തിപ്പെടുത്താനാകും. ഷഹീന്‍-മൂന്ന് മിസൈലാണ് പാകിസ്താന്‍ മധ്യദൂര ബാലിസ്റ്റിക് മിസൈലായി ഉപയോഗിക്കുന്നത്.
ഗൗരി എന്ന മധ്യദൂര ബാലിസ്റ്റിക് മിസൈലും പാകിസ്താന്‍ പരീക്ഷിച്ചിരുന്നു. 2015 ല്‍ ജെലൂം ജില്ലയിലെ ടില്ലയില്‍ നിന്ന് പാകിസ്താന്‍ ഈ മിസൈല്‍ ടി.ഇ.എല്‍ ഉപയോഗിച്ച് വിക്ഷേപിച്ചത് കത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിലുള്ള മൊബിലിറ്റി സംവിധാനങ്ങള്‍ പാകിസ്താന് ലഭ്യമാകുന്നത് ഭീഷണിയാണ്. ദക്ഷിണ ഏഷ്യയില്‍ എവിടെയും മധ്യദൂര മിസൈല്‍ ഉപയോഗിച്ച് ആണവായുധം പ്രയോഗിക്കാന്‍ പാകിസ്താന് കഴിയും. ഇതില്‍ ഏറ്റവും വലിയ സുരക്ഷാഭീഷണി നേരിടുന്നത് ഇന്ത്യയാണ്.
മേഖലയില്‍ ഇന്ത്യയിലും അഫ്ഗാനിലും ആക്രമണമുണ്ടായാല്‍ അത് യു.എസിന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ളതാകുമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്. ചൈന ഇത്തരം ആയുധങ്ങള്‍ പാകിസ്താന് കൈമാറുന്നത് തടയാന്‍ നടപടികളുണ്ടാകണമെന്ന് ഒബാമ ഭരണകൂടത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെടുന്നു.
പാകിസ്താന് ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ചൈന രഹസ്യസഹായം നല്‍കുന്നുവെന്ന റിപ്പോര്‍ട്ട് യു.എസ് കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. ദശാബ്ദത്തോളം പഴക്കമുള്ളതാണ് ചൈനയും പാകിസ്താനും തമ്മിലുള്ള ആയുധഇടപാട്.
ഇക്കാര്യം 2013 ല്‍ ചൈന പ്രഖ്യാപിച്ചിരുന്നു. കറാച്ചിയില്‍ ആണവ നിലയത്തിന്റെ നിര്‍മാണത്തില്‍ ചൈന സഹകരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഈയിടെ പാകിസ്താന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിനെയും കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തിരുന്നു.
തുടര്‍ന്ന് പാകിസ്താനുള്ള ആയുധ വിതരണത്തിനുള്ള സബ്‌സിഡി റദ്ദാക്കി. പാകിസ്താനും ചൈനയും തമ്മിലുള്ള ആയുധ വ്യാപാരം സംബന്ധിച്ച് നേരത്തെയും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയ്ക്കാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും ഭീഷണിയായി മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."