റിപ്പബ്ലിക്ദിന പരേഡ്: ഒരുക്കങ്ങള്‍ വിലയിരുത്തി
മലപ്പുറം: ജില്ലാതല റിപ്പബ്ലിക്ദിനാഘോഷ പരിപാടികള്‍ക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി. 26 ന് രാവിലെ എട്ടിന് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡ്, രാവിലെ 6.45 ന് സിവില്‍ സ്റ്റേഷനില്‍ നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് നടത്തുന്ന പ്രഭാതഭേരി എന്നിവയുടെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
പരേഡിന് എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് സി.വി ശശി നേതൃത്വം നല്‍കും. സായുധ പൊലിസ് ഇന്‍സ്പെക്ടര്‍ കെ. രാജേഷ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ആകും. എം.എസ്.പി, പ്രാദേശിക പൊലിസ്, സായുധ റിസര്‍വ് പൊലിസ്, വനിതാ പൊലിസ്, വനം- എക്സൈസ് വകുപ്പുകള്‍, വിവിധ കോളജുകളിലെയും സ്കൂളുകളിലെയും സീനിയര്‍- ജൂനിയര്‍ എന്‍.സി.സി, എന്‍.എസ്.എസ്, സ്കൗട്ട്സ്-ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പൊലിസ് കെഡറ്റ്സ് എന്നിവരടങ്ങിയ 40 ഓളം പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുഖ്യാതിഥി പതാക ഉയര്‍ത്തുകയും പരേഡ് പരിശോധിക്കുകയും ചെയ്യും.
പരേഡിന് മുന്‍പ് സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മുഖ്യാതിഥി ആദരാഞ്ജലി അര്‍പ്പിക്കും. രാവിലെ 6.45 ന് സിവില്‍ സ്റ്റേഷന് പരിസരത്ത് പ്രഭാതഭേരി ജില്ലാ കലക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
പരേഡിന്റെ റിഹേഴ്സല്‍ 22, 23 തിയതികളില്‍ ഉച്ചയ്ക്ക് രണ്ടിനും 24 ന് രാവിലെ ഏഴിനും എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും. യോഗത്തില്‍ എ.ഡി.എം പി. സെയ്യിദ് അലി, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ജഅ്ഫര്‍ മാലിക്, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുറഷീദ്, വി. രാമചന്ദ്രന്, എ. നിര്‍മലകുമാരി, ഡി.വൈ.എസ്.പി അബ്ദുറഷീദ്, എം.എസ്.പി, പൊലിസ്, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍, സ്കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."