പരാധീനതകള്‍ തീരുന്നു; വടശ്ശേരി ഹൈസ്കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക്
അരീക്കോട്: പരാധീനതകള്‍ക്ക് അറുതിവരുത്തി വടശ്ശേരി ഗവ. ഹൈസ്കൂള്‍ സ്വന്തം കെട്ടിടത്തിലേക്കു മാറുന്നു. യു.പി തലംവരെ പ്രവര്‍ത്തിച്ചിരുന്ന സ്കൂളിനെ 2013 സെപ്റ്റംബര്‍ 23നാണ് ആര്.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂളാക്കി ഉയര്‍ത്തിയിരുന്നത്.
കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പ്രശ്നമായതോടെ വലിയ പ്രയാസം സഹിച്ചാണ് മൂന്നു വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ യു.പി സ്കൂളിനെ ആശ്രയിച്ചാണ് 250ലേറെ വിദ്യാര്‍ഥികളുള്ള ഈ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.
ഹൈസ്കുളിന് പുറമേ യു.പി വിഭാഗവും പ്രയാസം നേരിട്ടതോടെ പി.ടി.എ ഭാരവാഹികള്‍ പി.കെ ബഷീര്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയിരുന്നു. കെട്ടിടം അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും സ്ഥലമില്ലാത്തതിനാല്‍ ഗ്രൗണ്ടില്‍ കെട്ടിടം നിര്‍മിക്കേണ്ട അവസ്ഥ വന്നതോടെ പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സ്വരൂപിച്ച 12.5 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥലം വാങ്ങുകയായിരുന്നു.
ജനകീയ പങ്കാളിത്തത്തോടെ വാങ്ങിയ 23 സെന്റ് സ്ഥലത്താണ് നാലു ക്ലാസ്മുറികളും അനുബന്ധ സൗകര്യങ്ങളും അടങ്ങിയ കെട്ടിടം നിര്‍മിച്ചത്. പി.കെ ബഷീര്‍ എം.എല്‍.എയുടെ വികസന ആസ്തി ഫണ്ടില്‍നിന്ന് വകയിരുത്തിയ 40 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 16ന് പി.കെ ബഷീര്‍ എം.എല്‍.എ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഇസ്മാഈല്‍ മുത്തേടം, പി.വി മനാഫ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."