സമരം വിജയം കണ്ടു; കോളനി നിവാസികള്‍ക്കു 'തൊഴിലുറപ്പായി'
കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ തൊഴിലുറപ്പു സംബന്ധിച്ചു ധാരണയായതോടെ പെരിയ മാളോത്തുപാറ കോളനി നിവാസികള്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. 61 ദിവസമായി രാപ്പകല്‍ നടത്തിയ സമരമാണു വിജയിച്ചത്. സര്‍വകലാശാല അധികൃതരും ആര്‍.ഡി.ഒയും സമര സമിതി ഭാരവാഹികളും കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത യോഗത്തിലാണു കോളനിയിലെ 16 കുടുംബങ്ങളിലെ ഓരോ ആളുകള്‍ക്ക് കേന്ദ്ര സര്‍വകലാശാലയില്‍ തൊഴില്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയത്. വ്യവസ്ഥ അനുസരിച്ച് ആറു പേര്‍ ഇന്നലെ സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ചു.
ബാക്കിയുള്ള പത്തുപേരില്‍ അഞ്ചുപേരെ സെപ്റ്റംബറിലും അഞ്ചുപേരെ അടുത്ത വര്‍ഷവും ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന് അധികൃതര്‍ രേഖാമൂലം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 11 ഓടെ സമരം അവസാനിപ്പിച്ചത്.
കേന്ദ്രസര്‍വകലാശാലക്കു വേണ്ടി സ്ഥലവും വീടും ഉള്‍പ്പെടെ വിട്ടു നല്‍കുമ്പോള്‍ ഇവര്‍ക്ക് പുനരധിവാസവും പകരം വീടും ഇതിനു പുറമേ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് യോഗ്യതക്കനുസരിച്ചു ജോലിയും വാഗ്ദാനം നല്‍കിയതായി കോളനി നിവാസികള്‍ മുമ്പ് പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചതോടെയാണു കോളനിവാസികള്‍ സമരത്തിനിറങ്ങിയത്. സമരം ആരംഭിക്കുന്നതിന് മുമ്പ് രണ്ടു തവണ കോളനിയിലെ 14 യുവാക്കള്‍ സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. സമരം അന്‍പതു ദിവസം പിന്നിട്ടതോടെ പ്രായമായ അമ്മമാരും രംഗത്തിറങ്ങി. ഇതോടെയാണ് അധികൃതര്‍ സമരം ഒത്തുതീര്‍പ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയത്. മുമ്പ് രണ്ടു തവണ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."