നിരോധിത കീടനാശിനികളുടെ ഉപയോഗം തടയാന്‍ പ്രത്യേക സ്‌ക്വാഡ്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച മണ്ണില്‍ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്ന നിരോധിത കീടനാശിനികളുടെ വില്‍പനയും ഉപയോഗവും നിയന്ത്രിക്കുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാതല മള്‍ട്ടി ഡിസിപ്ലിനറി സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാ പൊലിസ് മേധാവിയും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറും ഉള്‍പ്പെടെ വിവിധ വകുപ്പു മേധാവികള്‍ സ്‌ക്വാഡില്‍ അംഗങ്ങളാണ്. ജില്ലയില്‍ നിരോധിക്കപ്പെട്ട കീടനാശിനികളുടെ അനധികൃത വില്‍പനയും ഉപയോഗവും തടയുകയാണു സ്‌ക്വാഡിന്റെ പ്രധാന ദൗത്യം. ഇതിനായി ചെക്ക് പോസ്റ്റുകളിലും വാഹനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തും.
കീടനാശിനി നിയന്ത്രണ ഉത്തരവു പ്രകാരം അതാതു പ്രദേശത്തെ കൃഷി ഓഫിസര്‍മാര്‍ പുതുതായി രൂപീകരിച്ച സ്‌ക്വാഡിന്റെ നിയന്ത്രണ ഇന്‍സ്‌പെക്ടര്‍മാരാണ്. വിഷരഹിതമായ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടേയും ഉല്‍പാദനവും വിതരണവും ലക്ഷ്യമിട്ടുള്ള സംസ്ഥാന, ജില്ലാ തലങ്ങളില്‍ പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടാണു കാര്‍ഷിക വികസന-ക്ഷേമ വകുപ്പിന്റെ പുതിയ നീക്കം.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും സ്‌കൂളുകളിലും വീടുകളിലും സ്വന്തമായി ജൈവപച്ചക്കറി തോട്ടം ഒരുക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കൃഷി ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക പരിഗണന ലഭിക്കുന്നുമുണ്ട്.
പൊതുജനങ്ങള്‍ക്കു കീടനാശിനികളുടെ മാരകശേഷി മനസിലാക്കുന്നതിനായി കീടനാശിനികള്‍ ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നിറമുള്ള ലേബലുകളിലായി തരംതിരിച്ച ഉത്തരവ് ഇതിനു മുന്‍പു തന്നെ കൃഷി വകുപ്പു പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ ചുവപ്പ്, മഞ്ഞ ലേബലുകളിലും ഉപയോഗിക്കാന്‍ അനുവാദമുള്ളവ നീല, പച്ച ലേബലുകളിലുമാണുണ്ടാവുക.
എന്നാല്‍ മഞ്ഞ ലേബലിലുള്ള കാര്‍ബോസള്‍ഫാന്‍, ക്ലോറോ ഫൈറിഫോസ്, സൈഫറര്‍മെത്രിന്‍, ലാംഡസൈഹലോത്രിന്‍, എന്നീ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ളവയും നീല ലേബലില്‍ അസൊഫേറ്റ്, കള നാശിനികളായ 2,4 ഡി ഗ്ലൈഫോസേറ്റ് രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ള കീടനാശിനികളുടെ വില്‍പനയും ഉപയോഗവും അത്യാവശ്യഘട്ടങ്ങളില്‍ കൃഷി ഓഫിസറുടെ പ്രത്യേക കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ നടത്താവുന്നതാണ്.
കൃഷിയിടങ്ങളില്‍ നിരോധിത കീടനാശിനികളുടെ ഉപയോഗം, മാരക കീടനാശിനികളുടെ അനിയന്ത്രിത പ്രയോഗം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട കൃഷി ഓഫിസര്‍മാരെയോ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറേയോ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."