സംഘപരിവാര്‍ അസഹിഷ്ണുത അടിച്ചേല്‍പ്പിക്കുന്നു: എം.എ ബേബി
കണ്ണൂര്‍: അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യത്ത് സംഘപരിവാര്‍ അസഹിഷ്ണുത അടിച്ചേല്‍പ്പിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പുരോഗമന കലാസാഹിത്യ സംഘവും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ഫിദല്‍ കാസ്‌ട്രോ അനുസ്മരണവും എം.ടി വാസുദേവന്‍ നായര്‍ക്കും കമലിനുമെതിരെയും നടക്കുന്ന സംഘപരിവാര്‍ അക്രമത്തിലുള്ള പ്രതിഷേധ പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായം തുറന്നു പറയുമ്പോള്‍ ജനാധിപത്യരഹിതമായാണ് സംഘപരിവാര്‍ ശക്തികള്‍ എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കുമെതിരേ തിരിയുന്നത്. അസഹിഷ്ണുത അടിച്ചേല്‍പ്പിക്കുന്ന അക്രമ രീതിക്കെതിരേ ഒറ്റക്കെട്ടായി സമൂഹം ഉയര്‍ന്നു വരും.
ഇത്തരം സംഭവം നേരത്തെയുണ്ടായിട്ടുണ്ടെന്ന് സംഘപരിവാര്‍ ഓര്‍മിക്കണമെന്നും എം.എ ബേബി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി.
ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച ചിത്രകാര കൂട്ടായ്മ ചിത്രകാരന്‍ എബി എന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗോവിന്ദന്‍ കണ്ണപുരം, വര്‍ഗീസ് കളത്തില്‍, ടി.പി ഉണ്ണികൃഷ്ണന്‍, എന്‍.സി സജീവന്‍, ഉണ്ണി കാനായി, സുരേന്ദ്രന്‍ കൂക്കാനം, ടി.പി ഉണ്ണികൃഷ്ണന്‍, ബാലന്‍ പാലായി, രമേഷ് കൊറ്റാളി, പ്രദീപ് ചൊക്ലി, അനുരാധന്‍ ഏറ്റുവീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ 50ഓളം ചിത്രകാരന്‍മാരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍, കെ.എച്ച് സുബ്രഹ്മണ്യന്‍, സംവിധായകന്‍ ഷെറി, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.വി മോഹനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."