വീടുകളിലെ സ്വര്‍ണക്കവര്‍ച്ച: വേലക്കാരി പിടിയില്‍
പുതിയതെരു: പുഴാതി പയറ്റികാവിലെ രണ്ട് വീടുകളില്‍ നിന്ന് 35 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ വേലക്കാരി പിടിയില്‍. കീരിയാട് താമസിക്കുന്ന ബീഹാര്‍ സ്വദേശിനിയായ ശബ്ന(26)ത്തെ വളപട്ടണം പൊലിസ് അറസ്റ്റു ചെയ്തു.
അയല്‍വാസികളായ അല്‍മാസ് മന്‍സിലില്‍ റുബീനയുടെ വീട്ടില്‍ നിന്ന് 25 പവനും അഡ്വ. ലേഖയുടെ വീട്ടില്‍ നിന്ന് പത്ത് പവന് സ്വര്‍ണവുമാണ് ഞായറാഴ്ച മോഷണം പോയത്. പിടിയിലായ പ്രതി എട്ടു മാസമായി ഇരുവരുടെയും വീടുകളില്‍ വേലക്കാരിയായി ജോലി ചെയ്ത് വരികയായിരുന്നു.
വീടിനുള്ളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ പൂട്ട് പൊളിക്കാതെ മോഷണം നടത്തിയതാണ് വേലക്കാരിയിലേക്ക് പൊലിസ് അന്വേഷണമെത്തിച്ചത്. വീടുമായി അടുത്ത ബന്ധമുള്ളവരും പരിചയമുള്ളവരുമാണ് താക്കോല്‍ ഉപയോഗിച്ച് മോഷണം നടത്തിയത് എന്നതിന്റെ അടിസ്ഥാനത്തില്‍ ശബ്നത്തെ പൊലിസ് ചോദ്യം ചെയ്യുകയായിരുന്നു.
പതിനൊന്ന് വര്‍ഷമായി കീരിയാട് കുടുംബസമേതം താമസിച്ച് വരികയായിരുന്നു ഇവര്‍. മോഷ്ടിച്ച ആഭരണങ്ങള്‍ കീരിയാട് താമസിച്ചിരുന്ന വീടിന് സമീപം അടുക്കളഭാഗത്ത് സഞ്ചിയില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു. ഇതു പൊലിസ് കണ്ടെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടാണ് മോഷണത്തിനുള്ള കാരണമെന്നും ആഭരണങ്ങള്‍ വില്ക്കാനായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ശബ്നം പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."