ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം നല്‍കും
തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ അധികൃതരുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്.
പാമ്പാടി നെഹ്റു കോളജുമായി ബന്ധപ്പെട്ട വിഷയങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിവിധ വകുപ്പുകളിലെ ഉന്നതോദ്യഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാഭ്യസ മന്ത്രിയുടെ മേല്‍നോട്ടത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നാണ് സമിതി രൂപീകരിക്കാന്‍ തീരുമാനമായത്. നെഹ്റു കോളജിലെ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് പാമ്പാടി തിരുവല്വാമല നെഹ്റു കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് ജിഷ്ണു ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ ജിഷ്ണു പരീക്ഷയ്ക്ക് തൊട്ടടുത്തിരുന്ന വിദ്യാര്‍ഥിയുടെ പേപ്പറില്‍ നോക്കി കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകര്‍ ജിഷ്ണുവിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാനസികമായി തളര്‍ന്ന ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സഹപാഠികളും ബന്ധുക്കളും പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."