എ.ടി.എം സാങ്കേതികത്തകരാറും ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു
മൊഗ്രാല്‍പുത്തൂര്‍: നോട്ട് നിരോധനത്തിന്റെ ആഘാതത്തിനിടെ സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി എ.ടി.എമ്മുകളും. തുക ലഭിച്ചില്ലെങ്കിലും അക്കൗണ്ടില്‍ നിന്ന് പണം കുറയുന്ന പരാതികളാണ് ഉയരുന്നത്.
അനുവദനീയമായ 4500 രൂപ പിന്‍വലിക്കാന്‍ വിവിധ എ.ടി.എമ്മുകളില്‍ കയറിയിറങ്ങിയ മൊഗ്രാല്‍പുത്തൂര്‍ ജി.എച്ച്.എസ്.എസിലെ ദീപേഷ് കുമാറിന്റെ അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നത് 17,000 രൂപയാണ്. പയ്യന്നൂര്‍ ഐ.ഡി.ബി.ഐ ബാങ്ക്, കരിവെള്ളൂര്‍ എസ്.ബി.ടി എന്നീ എ.ടി.എമ്മുകളില്‍ നിന്നു ആദ്യം തുക പിന്‍വലിക്കാനായി ശ്രമിച്ചെങ്കിലും ട്രാന്‍സാക്ഷന്‍ ഫെയില്‍ഡ് എന്ന മറുപടിയാണ് സ്‌ലിപ്പില്‍ ലഭിച്ചത്. ഒടുവില്‍ ചെറുവത്തൂര്‍ എസ്.ബി.ടി യുടെ എ.ടി.എമ്മില്‍ നിന്നു 4,000 രൂപ പിന്‍വലിക്കാനായി.
മൊബൈലില്‍ ബാലന്‍സ് മെസേജ് വന്നപ്പോഴാണ് നേരത്തേ രണ്ട് തവണയായി പിന്‍വലിക്കാന്‍ ശ്രമിച്ച 4500 രൂപയും പിന്നീട് പിന്‍വലിക്കാന്‍ ശ്രമിച്ച 4000 ഉള്‍പ്പെടെ 13,000 രൂപ അക്കൗണ്ടില്‍ നിന്നു നഷ്ടമായതായി മനസിലായത്. അക്കൗണ്ടുള്ള എസ്.ബി.ടി കയ്യൂര്‍ ബ്രാഞ്ചിലെ ബാങ്കിലെത്തി മാനേജരോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഇത്തരം വേറെയും പരാതികള്‍ ഉണ്ടായതായും രേഖാമൂലം പരാതി നല്‍കണമെന്നുമാണ് നിര്‍ദേശിച്ചത്.
അതുപ്രകാരം പരാതി നല്‍കി നഷ്ടപ്പെട്ട പണം തിരികെ അക്കൗണ്ടിലെത്തുന്നതും കാത്തിരിക്കേണ്ട ഗതികേടിലാണ് ദീപേഷ്. പണം ലഭിച്ചില്ലെങ്കിലും എ.ടി. എം ഇടപാടിന് സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതിനാല്‍ അക്കൗണ്ടില്‍ നിന്ന് അതിനും പണം നഷ്ടമാകുന്ന അവസ്ഥയുമാണ് ഇതോടൊപ്പമുണ്ടായിരിക്കുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താലാണെങ്കിലും ഇത്തരം ഇടപാടുകള്‍ക്കുപോലും സര്‍വിസ് ചാര്‍ജ് നല്‍കേണ്ട അവസ്ഥയും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."