വയനാട് മലയോര റെയില്‍പാത അട്ടിമറിക്കാന്‍ നീക്കം
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നിര്‍മാണം നടത്താന്‍ ലക്ഷ്യമിട്ട വയനാട് മലയോര റെയില്‍പാത അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നീക്കം. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുമ്പോള്‍ പ്രാരംഭ നടപടികള്‍ക്കായുള്ള ശ്രമം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഈ അവസരത്തിലാണു പാത അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കമുള്ളതായി ആക്ഷേപമുയരുന്നത്.
പാത സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചകള്‍ പ്രഹസനമാക്കി മാറ്റിയതായി ആരോപണമുണ്ട്. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ അനുമതി ലഭിക്കുകയും കമ്പനി രൂപീകരിച്ചു സംയുക്ത സംരംഭമായി നിര്‍മിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ധാരണയാവുകയും ചെയ്ത പദ്ധതിയാണു സര്‍ക്കാര്‍ ഉദാസീനതമൂലം നീണ്ടുപോകുന്നത്.
പദ്ധതിയുടെ 50 ശതമാനം തുക കേന്ദ്ര സര്‍ക്കാരും ബാക്കി കമ്പനിയിലൂടെ കണ്ടെത്താമെന്നാണു ധാരണയുണ്ടാക്കിയത്.168 കിലോമീറ്റര്‍ നീളം വരുന്ന പാതയുടെ നിര്‍മാണത്തിന് 3500 കോടി രൂപ ചെലവു വരുമെന്നാണു പ്രാഥമികമായി കണക്കാക്കിയത്. എന്നാല്‍ നാളിതുവരെ പ്രാഥമിക നടപടിപോലും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയില്ല.
നിര്‍മാണം ആരംഭിക്കണമെങ്കില്‍ അന്തിമ സര്‍വേയും വിശദമായ പദ്ധതിരേഖയും തയാറാക്കണം. ഇതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എട്ടുകോടി രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപ നല്‍കണമെന്നു പദ്ധതിയുടെ നിര്‍മാണ ചുമതലയുള്ള ഡി.എം.ആര്‍.സി ആശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. പദ്ധതി യാഥാര്‍ഥ്യമായാല്‍ മലയോര ജില്ലയായ വയനാടിന്റെ വികസനത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."