നോട്ട് നിരോധനം: മോദിയും അടുപ്പക്കാരും ചേര്‍ന്നെടുത്ത തീരുമാനമെന്ന് അമര്‍ത്യാ സെന്‍
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി സ്വീകരിച്ച നടപടിയ്‌ക്കെതിരേ രൂക്ഷമായ അഭിപ്രായ പ്രകടനം നടത്തിയ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍മാരായ വൈ.വി റെഡ്ഡി, ബിമല്‍ ജലാന്‍ എന്നിവര്‍ക്കു പിന്നാലെ നൊബേല്‍ സമ്മാന ജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യസെന്‍ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ അടുപ്പക്കാരായ ഒരു ചെറുസംഘവും ചേര്‍ന്നെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ദുരന്തത്തിലേക്ക് തള്ളിയിടാനുള്ള തീരുമാനം കൈകൊള്ളാന്‍ ആര്‍.ബി.ഐയ്ക്ക് കഴിയില്ലെന്നും അമര്‍ത്യസെന്‍ പറഞ്ഞു.
നോട്ട് നിരോധനം സര്‍ക്കാര്‍ തീരുമാനമായിരുന്നുവെന്ന ആര്‍.ബി.ഐയുടെ വാദം പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹം സാമ്പത്തിക രംഗത്ത് കനത്ത ആഘാതം സൃഷ്ടിച്ച നോട്ട് നിരോധനത്തെക്കുറിച്ച് പ്രതികരിച്ചത്.
ആര്‍.ബി.ഐയെകാഴ്ചക്കാരാക്കിയാണ് മോദി നോട്ട് അസാധുവാക്കിയതെന്നും തങ്ങളുടെ അധികാരമെന്താണെന്ന് ആര്‍.ബി.ഐ തിരിച്ചറിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അദ്ദേഹം ആരോപിച്ചു.
കള്ളപ്പണം തടയാനെന്ന് മോദി പറയുന്നുണ്ടെങ്കിലും നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് എന്തെങ്കിലും ലക്ഷ്യം നേടിയോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ജനങ്ങള്‍ ചിന്തിക്കുന്നത് കള്ളപ്പണം പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടുവെന്നാണ്. എന്നാല്‍ നോട്ട് അസാധുവാക്കലിന്റെ നേട്ടം യഥാര്‍ഥത്തില്‍ സമ്പന്നര്‍ക്ക് ഗുണമായപ്പോള്‍ കഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നത് പാവങ്ങളാണ്. ഡിസംബര്‍ 30ന് ശേഷം അസാധുനോട്ടുകള്‍ എടുക്കില്ലെന്നായിരുന്നു ആര്‍.ബി.ഐ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് കേന്ദ്ര ബാങ്കിന്റെ തീരുമാനമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."